വെള്ളിക്കുളങ്ങര: ചെത്തിയിറക്കുന്ന കള്ള് മോഹിച്ച് കിട്ടാത്തതില്‍ ക്ഷുഭിതനായി തെങ്ങ് മുറിച്ച് വീഴ്ത്തി യുവാവ്. തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലുള്ള പൊത്തഞ്ചിറയില്‍ ഇന്നലെയാണ് അക്രമം നടന്നത്. ചെത്തിക്കൊണ്ടിരിക്കെ തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചെത്ത് തൊഴിലാളിക്ക് പരിക്കേറ്റു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ നാല്‍പത്തിമൂന്നുകാരന്‍ ജയന്റെ കാല്‍ ഒടിഞ്ഞു. കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് യന്ത്രവാള്‍ ഉപയോഗിച്ചായിരുന്നു തെങ്ങ് മുറിച്ചത്. തെങ്ങ് മുറിക്കുന്നത് കണ്ട് ജയന്‍ താഴേക്ക് ഊര്‍ന്നിറങ്ങി നിലത്ത് ചാടിയപ്പോഴേയ്ക്കും തെങ്ങും നിലംപൊത്തുകയായിരുന്നു. അക്രമത്തില്‍ മരം വെട്ടുതൊഴിലാളിയായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി എന്നയാളാണ് അക്രമം കാണിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബര്‍ ആദ്യ വാരത്തില്‍ പൊലീസ് സംരക്ഷണയില്‍ പരോളില്‍ വീട്ടിലെത്തിച്ച കൊലക്കേസേ പ്രതി ഒരു ലിറ്റര്‍ കള്ള് കുടിക്കാനായി മുങ്ങിയത് വാര്‍ത്തയായിരുന്നു. രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരക്കല്‍ ജോമോനാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്നും രണ്ട് പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രായമായ മാതാപിതാക്കളെ കാണിക്കാന്‍ ജോമോനെ വീട്ടിലെത്തിച്ചത്. വീട്ടില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴായിരുന്നു ഇയാള്‍ മുങ്ങിയത്.
വനത്തിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്. 2015 ഫെബ്രുവരിയിൽ കോട്ടയം അയര്‍ക്കുന്നം സ്വദേശി രാജേഷിൻ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പരോൾ ആനുവദിച്ചത്. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ച ജോമോൻ കണ്ണൂർ സെൻട്രൽ ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്.