തിരുവനന്തപുരം : കള്ളു വ്യവസായ വികസനത്തിനും പ്രോത്സാഹനത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. 2021 ഫെബ്രുവരി 25 ന് പ്രാബല്യത്തിലായ വിധത്തില്‍ നിയമസഭ ടോഡി ബോര്‍ഡ് നിയമം പാസാക്കിയിരുന്നെങ്കിലും ബോര്‍ഡിന്റെ ഭരണസമിതി രൂപീകരിച്ചിരുന്നില്ല. നിയമത്തിന് അനുബന്ധമായി ചട്ടം നിര്‍മിക്കുന്നതിലെ താമസമാണു കാരണം. ഏപ്രിലില്‍ ഭരണസമിതി നിലവില്‍ വരാനായി എത്രയും വേഗം ചട്ടങ്ങള്‍ തയാറാക്കാന്‍ എക്‌സൈസ് വകുപ്പ് നിര്‍ദേശം നല്‍കി. ചെയര്‍പഴ്‌സനു പുറമേ 16 പേരാണു ഭരണസമിതിയില്‍ ഉണ്ടാവുക. നികുതി സെക്രട്ടറി, എക്‌സൈസ് കമ്മിഷണര്‍, ധനകാര്യ സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം മേധാവി, കൃഷി വകുപ്പ് മാര്‍ക്കറ്റിങ് അസി.ഡയറക്ടര്‍, കള്ള് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍, അംഗീകൃത ട്രേഡ് യൂണിയനുകളുടെ ഓരോ പ്രതിനിധി വീതം പരമാവധി 5 പേര്‍, ഷാപ്പ് ഉടമകളുടെ 2 പ്രതിനിധികള്‍, തെങ്ങു കര്‍ഷകരുടെ 2 പ്രതിനിധികള്‍, സിഇഒ എന്നിവരാണ് അംഗങ്ങള്‍. 5 വര്‍ഷമാണു കാലാവധി.
കള്ളു വ്യവസായ സംരക്ഷണം മാത്രമല്ല, മായമില്ലാത്ത പ്രകൃതിദത്ത കള്ളാണു വില്‍ക്കുന്നതെന്ന് ഉറപ്പാക്കേണ്ടതും ബോര്‍ഡിന്റെ ചുമതലയാണ്. ഉല്‍പാദനം നടക്കുന്ന മേഖലയില്‍ കള്ളു ശേഖരിച്ചു സംഭരിക്കുക, ഷാപ്പുകളില്‍ എത്തിക്കുക, കള്ളില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുക എന്നിവയ്ക്കു ബോര്‍ഡ് മേല്‍നോട്ടം വഹിക്കണം. നല്ല വിളവു കിട്ടുന്ന തെങ്ങും പനയും നടുക, ടൂറിസം മേഖലകളില്‍ ടോഡി പാര്‍ലറുകള്‍ തുടങ്ങുക, തൊഴിലാളികള്‍ക്കു പരിശീലനം നല്‍കുക, ഗവേഷണം നടത്തുക എന്നിവയും ചുമതലകളാണ്.
ആവശ്യമായി വന്നാല്‍ ഷാപ്പുകള്‍ ഏറ്റെടുത്തു നടത്താനും നിയമം ബോര്‍ഡിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തികളാണു കൂടുതലായി ഷാപ്പ് നടത്തുന്നതെന്നതിനാല്‍ ആ മേഖലയില്‍ തല്‍ക്കാലം നേരിട്ടു പ്രവേശിക്കേണ്ടെന്നാണു തീരുമാനം. കണ്ണൂര്‍ പോലെ ചില ജില്ലകളില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ ഷാപ്പ് നടത്തുന്നുണ്ട്. ഏറ്റെടുക്കാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ മാത്രമേ ഷാപ്പ് നടത്തിപ്പു നേരിട്ടു നടത്താന്‍ ബോര്‍ഡ് തുനിയുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേക സഹായ പദ്ധതികളാവാമെന്നു നിയമം വ്യക്തമാക്കുന്നുണ്ട്.