കൊച്ചി: പുതിയ രീതിയില്‍ സ്വര്‍ണക്കള്ളക്കടത്തിന് ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍. നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ തോര്‍ത്തുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ തൃശ്ശൂര്‍ സ്വദേശി ഫഹദ് ആണ് സ്വര്‍ണ്ണം പുതിയ രീതിയില്‍ കടത്താൻ ശ്രമിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇയാളില്‍ നിന്ന് കുടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗ്ഗത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. സ്വര്‍ണ്ണത്തില്‍ മുക്കിയ അഞ്ച് തോര്‍ത്തുകളാണ് എയര്‍ കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്. ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണ്ണം ഉണ്ടാകുമെന്നു കൃത്യമായി പറയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയെടുക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.