ഭുവനേശ്വർ : ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ജോഡക്ക് സമീപം ട്രെയിനിടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ മൂന്ന് ആനകൾ ചത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചമ്പുവ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലെ ബൻസ്പാനി ഏരിയക്ക് സമീപമാണ് സംഭവം. 22 ആനകളുടെ കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര് കയറ്റിയ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് ആനക്കൂട്ടം അക്രമാസക്തരായി. രക്ഷാപ്രവർത്തനം നടത്തുന്നതിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.
ഒരു ആനക്കുട്ടി സംഭവസ്ഥലത്ത് തന്നെ ചത്തപ്പോൾ മറ്റൊരു ആനക്കുട്ടിയും പിടിയാനയും വെള്ളിയാഴ്ച രാവിലെയാണ് ചരിഞ്ഞത്. പ്രദേശത്ത് ആനക്കൂട്ടമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രദേശത്ത് കനത്ത ഇരുട്ടായതിനാൽ അപകടമുണ്ടായതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ റൂട്ടിൽ ട്രെയിനുകൾ 25 കിലോമീറ്റർ വേഗതയിൽ കൂടരുതെന്ന് നിർദേശമുണ്ടായിരുന്നു.