കൊച്ചി : ശബരിമല ക്ഷേത്രാങ്കണത്തിൽ സ്വാമി അയ്യപ്പൻ്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. വിഗ്രഹത്തിൻ്റെ പേരിൽ നടന്ന പണപ്പിരിവ് സംബന്ധിച്ച് പോലീസ് അന്വേഷണത്തിൻ്റെ പുരോഗതി അറിയിക്കാൻ സർക്കാർ സമയംതേടിയതിനെത്തുടർന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി സെപ്റ്റംബർ 10 ന് പരിഗണിക്കാൻ മാറ്റിവെച്ചു.
തമിഴ്നാട് ഈ റോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇകെ സഹദേവനാണ് പഞ്ചലോഹവിഗ്രഹത്തിൻ്റെ പേരിൽ വൻതുക സംഭാവന പിരിച്ചത്. ദേവസ്വം ബോർഡ് നൽകിയ അനുമതിയുടെ പേരിലായിരുന്നു പണപ്പിരിവ്. എങ്ങനെയാണ് ഇത്തരമൊരു കാര്യത്തിന് അനുമതി നൽകുകയെന്നും അക്കൗണ്ട് നമ്പർവഴി പണം പിരിക്കുകയെന്നും കോടതി ചോദിച്ചു. തുടർന്നാണ് അനുമതി പിൻവലിച്ചതായി ബോർഡ് അറിയിച്ചത്. പമ്പ പോലീസിൽ പരാതി നൽകിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു.