പാലക്കാട് : ജനവാസ മേഖലയിലിറങ്ങുന്ന പി ടി സെവൻ കാട്ടാനയെ പിടിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അഞ്ച് ദൌത്യ സംഘങ്ങളായി തിരിച്ചാണ് ദൌത്യം. ഇന്ന് വൈകിട്ട് തന്നെ ട്രയൽ നടത്താനും തീരുമാനമായി. ആനയെ മയക്കുവെടി വച്ചുകഴിഞ്ഞാൻ അത് ഓടാനുള്ള സാധ്യത ഉള്ളതിനാൽ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും മയക്കുവെടി വയ്ക്കുക.
പിടി കൂടുന്ന കൊമ്പനെ പാർപ്പിക്കാൻ യൂക്കാലി തടി കൊണ്ടുള്ള കൂടും തയാറാണ്. ആന എത്ര തവണ ഇടിച്ചാലും ഈ തടി പൊളിയില്ല എന്നതുകൊണ്ടാണ് യൂക്കാലി തന്നെ തെരഞ്ഞെടുക്കാൻ കാരണം. നാളെ തന്നെ മയക്കുവെടി വെടി വയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.അരുൺ സഖറിയ പറഞ്ഞു.രാവിലെ ദൗത്യ സംഘം യോഗം ചേർന്നിരുന്നു. പാലക്കാട് ഡി എഫ് ഒ, ഏകോപന ചുമതയുള്ള എ സി എഫ്, വെറ്ററിനറി സർജൻ എന്നിവർ പങ്കെടുത്തു. പാലക്കാട് കൊമ്പൻ ഏഴാമനെ പിടിക്കാനുള്ള ദൗത്യസംഘം വയനാട്ടിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിയതിനു പിന്നാലൊണ് ദൌത്യ സംഘം സജ്ജമായത് . മൂന്നാമത്തെ കുങ്കിയാനയും എത്തിയിട്ടുണ്ട്.ദൗത്യത്തിനായി കൂടുതൽ വനം വകുപ്പ് ജീവനക്കാരെയും ധോണി ക്യാംപിൽ എത്തിച്ചിട്ടുണ്ട്.