ദില്ലി: ഇന്ത്യൻ സഖ്യത്തിന് തിരിച്ചടിയായി ചണ്ഡീഗഢിൽ ആംആദ്മി, കോൺഗ്രസ് പ്രവർത്തകർ പാർട്ടിവിട്ട് ബിജെപിയിൽ. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഭിപ്രായ ഭിന്നത കാരണം നിരവധി പ്രവർത്തകർ പാർട്ടി വിട്ടത്. ചണ്ഡീഗഡിലെ പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിലാണ് പ്രവർത്തകരെ ബിജെപി ഔദ്യോഗികമായി സ്വീകരിച്ചത്. അതിനിടെ, ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ആം ആദ്മി പാർട്ടി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് മുൻ എംപി അശോക് തൻവാർ ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിന് അദ്ദേഹം രാജിക്കത്ത് നൽകി.
നിലവിലെ രാഷ്ട്രീയ സാഹചര്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യവും കണക്കിലെടുത്ത്, ആം ആദ്മി പാർട്ടി ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാനായി തുടരാൻ എന്റെ ധാർമ്മികത അനുവദിക്കുന്നില്ലെന്നും അതിനാൽ, ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രാജിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എഎപി മേയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ കോൺഗ്രസ് സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും എന്നായിരുന്നു ധാരണ. എന്നാൽ, നിയുക്ത പ്രിസൈഡിംഗ് ഓഫീസറുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി വ്യാഴാഴ്ച നടത്താനിരുന്ന ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിന്റെ തീയതി മാറ്റിവച്ചു. സംഭവം ബിജെപിയുടെ ഒത്തുകളിയാണെന്ന് ഇരുപാർട്ടികളും ആരോപിച്ചു.