വാഷിങ്ടൺ: ഇസ്ലാമോഫോബിയയെ നേരിടാൻ നടപടികളുമായി അമേരിക്കൻ സർക്കാർ. ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണത്തെ പിന്തുണച്ചതിൽ അമേരിക്കയിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിന്നുള്ള എതിർപ്പിനെ മറികടക്കാനാണ് പുതിയ നീക്കവുമായി ബൈഡൻ ഗവൺമെന്റ് രംഗത്തെത്തിയത്. രാജ്യത്തെയും ലോകത്തെയും ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് ദേശീയതലത്തിൽ നയം രൂപീകരിക്കാനാണ് സർക്കാർ തീരുമാനം. ഇസ്ലാമോഫോബിയയുടെയും അതിന്റെ എല്ലാ രൂപത്തിലുള്ള വിദ്വേഷത്തിന്റെയും വിപത്തിനെ നേരിടാൻ നിയമനിർമ്മാതാക്കളെയും അഭിഭാഷക ഗ്രൂപ്പുകളെയും മറ്റ് കമ്മ്യൂണിറ്റി നേതാക്കളെയും ഭരണകൂടവുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
ഓരോ അമേരിക്കക്കാരനും സുരക്ഷിതമായി ജീവിക്കാനും ഏത് മത വിശ്വാസമായാലും ഭയപ്പെടാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത് തുടരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ബൈഡൻ മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉടൻ തന്നെ ഇസ്ലാമോഫോബിയക്കെതിരായ പ്രസ്താവന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വൈകി. ഗാസയിൽ ആയിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ട ഇസ്രായേൽ സൈനിക നീക്കത്തിന് ശക്തമായ പിന്തുണ നൽകിയതിനാൽ സർക്കാറില്‍ വിശ്വാസ്യത ഇല്ലെന്ന മുസ്ലീം അമേരിക്കക്കാരുടെ ആശങ്കയാണ് കാലതാമസത്തിന് കാരണമായതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യഹൂദവിരുദ്ധതയെ ചെറുക്കുന്നതിനുള്ള പ്രമേയം മെയ് മാസത്തിൽ പുറത്തിറക്കിയതിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് ഇസ്ലാമോഫോബിയക്കെതിരായ രംഗത്തെത്തുന്നത്.
സർക്കാറിന്റെ തീരുമാനം ഔപചാരികമാക്കാൻ മാസങ്ങളെടുത്തേക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് എമിലി സൈമൺസ് പറഞ്ഞു. ഒക്‌ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുകയും ചെയ്തു. തുടർന്ന് ഇസ്രയേൽ ആക്രമണം നടത്തി. ഇതുവരെ 8500ഓളം പലസ്തീനിയൻ പൗരന്മാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് പിന്നാലെ അമേരിക്കയിൽ ജൂത-മുസ്‌ലിം വിരുദ്ധ വിദ്വേഷം വർധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുസ്ലിം വിരുദ്ധ ആക്രമണത്തെ തുടർന്ന് 6 വയസ്സുള്ള വാഡിയ അൽ-ഫയൂം എന്ന കുട്ടി കൊല്ലപ്പെട്ടത് ഏറെ ചർച്ചയായി. തുടർന്നാണ് ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാൻ ദേശീയനയത്തിന്റെ ആവശ്യകതയുമായി അമേരിക്കൻ മുസ്ലിം വിഭാഗം രംഗത്തെത്തിയത്.