ദോഹ: ഖത്തറിന്റെ ദേശീയ ചിഹ്നം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വില്‍പ്പന, പ്രചാരണം എന്നിവ പാടില്ല.
വ്യാപാരികളും സ്റ്റോര്‍ മാനേജര്‍മാരും ഉത്തരവ് പാലിക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സെപ്തംബര്‍ 15നാണ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്. വെള്ള നിറത്തിലെ പശ്ചാത്തലത്തില്‍ മെറൂണ്‍ നിറത്തിലുള്ള ലോഗോയില്‍ സ്ഥാപക ഭരണാധികാരിയുടെ വാള്‍, ഈന്തപ്പന, കടല്‍, പരമ്പരാഗത പായ്ക്കപ്പല്‍ എന്നിവയാണ് ഉള്ളത്.