തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയുടെ വിവാഹാലോചന യുവതിയും കുടുംബവും നിരസിച്ചതാണെന്ന് പ്രോസിക്യൂഷന്‍. കേസിന്റെ അന്തിമ വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി കുത്തിയതാണെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷന്‍ ശക്തിയായി എതിര്‍ത്തു. പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈക്ക് കൊലപാതകത്തിനിടെ പറ്റിയ മുറിവ് ഉയര്‍ത്തിയായിരുന്നു പ്രതിഭാഗം വാദം. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണ് പ്രതിയുടെ കൈയിലെ മുറിവെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും നല്‍കിയ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.
കൊലപാതകത്തിന് ശേഷം ഒളിച്ചിരുന്ന സമീപത്തെ ടെറസില്‍നിന്ന് പ്രതിയെ പിടികൂടി കൊണ്ടുവന്നവരോട് പ്രതി, താന്‍ സൂര്യഗായത്രിയെ കൊല്ലാനാണ് വന്നതെന്ന് സമ്മതിച്ച മൊഴിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്.പിയുമായ ബി.എസ്. സജിമോനും മൊഴി നല്‍കിയിരുന്നു.
ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയുടെ ശരീരത്തിൽ 33 തവണ കുത്തിയത്. ശേഷം തല ചുമരില്‍ ഇടിപ്പിച്ചും ഗുരുതര പരിക്കേല്‍പ്പിച്ചു. ശാരീരിക ശേഷി ഇല്ലാതിരുന്നിട്ടും അക്രമം തടയാന്‍ ശ്രമിച്ച സൂര്യഗായത്രിയുടെ അമ്മ വത്സലയെയും അച്ഛന്‍ ശിവദാസനെയും പ്രതി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
39 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ക്ലാരൻസ് മിരാൻഡയും പരുത്തിപ്പള്ളി സുനിൽകുമാറും ഹാജരായി.
വലിയമല സർക്കിൾ ഇൻസ്‌പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പിയുമായ ബി.എസ്. സജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ ആർ.വി സനൽരാജ്, എസ്. ദീപ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയാറാക്കിയത്.