ചാരുംമൂട് സ്ഥാപിച്ചിട്ടുള്ള മാലിന്യശേഖരണ സംഭരണികളോടു ചേർന്ന് ചാക്കുകളിലാക്കി മത്സ്യ-മാംസ മാലിന്യങ്ങളും ആക്രി സാധനങ്ങളും തള്ളുന്നത് പതിവാകുന്നു. കൊല്ലം തേനി പാതയിലെ ചാരുംമൂട്ടിലെ സംഭരണികള്‍ അടച്ച് പൂട്ടി ടാര്‍പ്പോളിന്‍ കൊണ്ട് മൂടിയ ശേഷവും മാലിന്യം തള്ളുകയാണ്. കായംകുളത്തിനുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമാണ് മാലിന്യശേഖരണ സംഭരണിയുള്ളത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇവിടെനിന്നു ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ചുനക്കര, താമരക്കുളം, നൂറനാട് ഗ്രാമപ്പഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചാരുംമൂട്ടിലെ മാലിന്യശേഖരം നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്താണ് ഏഴ് മാലിന്യ ശേഖരണ സംഭരണികൾ ചാരുംമൂടിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്. സംഭരണികൾ നിറയുന്നതോടെ ആളുകള്‍ അതിനുചുറ്റും മാലിന്യങ്ങൾ ചാക്കുകളിലാക്കി കൊണ്ടിടുന്നതു പതിവായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ് സംഭരണികൾ താഴിട്ടുപൂട്ടിയശേഷം ടാർപ്പാളിൻ കൊണ്ടുമൂടിയിരുന്നു.
സംഭരണികളുടെ ഉള്ളിലും സമീപത്തുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കംചെയ്ത ശേഷമായിരുന്നു അടച്ചുപൂട്ടല്‍. എന്നാല്‍ ഇതിനുശേഷവും സംഭരണികൾക്കു ചുറ്റും മാലിന്യങ്ങൾ കൊണ്ടിടുന്നതാണ് നിലവിലെ പ്രശ്നം. കൊല്ലം-തേനി ദേശീയ പാതയും കായംകുളം-പുനലൂർ സംസ്ഥാനപാതയും സംഗമിക്കുന്ന ചാരുംമൂട്ടിലെ മാലിന്യപ്രശ്നത്തിനു പരിഹാരംകാണാനാണ് ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്ഥലങ്ങളിലായി ഏഴു മാലിന്യസംഭരണികൾ സ്ഥാപിച്ചത്. പ്ലാസ്റ്റിക് കവറുകൾ, ചില്ലുകുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ തരംതിരിച്ചിടണമെന്ന് മാലിന്യസംഭരണികളിൽ അറിയിപ്പായി എഴുതിയിരുന്നു.
എന്നാല്‍ ഇത് പരിഗണിക്കാതെ മത്സ്യ-മാംസ അവശിഷ്ടങ്ങളടക്കം കവറുകളിലാക്കി സംഭരണികളിൽ കുത്തിനിറയ്ക്കാനും സംഭരണിക്കു ചുറ്റും ചാക്കുകളിലാക്കി കൊണ്ടിടാനും തുടങ്ങിയതോടെ സിസിടിവി അടക്കമുള്ളവ സ്ഥാപിച്ച് മാലിന്യം തള്ളിയവരെ താക്കീത് ചെയ്തിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി. മാവേലിക്കര, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കുള്ള ബസ് യാത്രക്കാര്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ മാലിന്യക്കൂമ്പാരത്തിന്‍റെ ദൂഷ്യഫലം നേരിടുന്നത്.