പാലക്കാട്: ധോണിയെ വിറപ്പിച്ച കാട്ടു കൊമ്പൻ പിടി 7 പിടിയിലായി. രാവിലെ 7.15 ന് മയക്കുവെടി വച്ച ഒറ്റയാനെ കാടിന് പുറത്ത് എത്തിച്ചത് 4 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലായിരുന്നു. ലോറിയിലേക്ക് കയറ്റിയത് കുങ്കിയാനകളുടെ സഹായത്തോടെ. മയക്കം വിട്ടതോടെ ബൂസ്റ്റർ ഡോസും നൽകി. മൂന്നു കുംകിയാനകളുടെ സഹായത്തോടെ നാലു മണിക്കൂർകൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പതു മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്കു പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു.
ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാലു വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് പിടിയിലായത്. ധോണി ക്യാമ്പിൽ 140 യൂക്കാലിപ്സ് മരം കൊണ്ടു ഉണ്ടാക്കിയ കൂട്ടിൽ ആകും ഇനി കുറേക്കാലം പി ടി സെവൻറെ ജീവിതം. നാലുവർഷം വരെ ഉപയോഗിക്കാവുന്ന ഉറപ്പുള്ള കൂടാണിത്.
പിടി സെവൻ കാരണം ജീവനും ജീവിതവും നഷ്ടമായ അനേകർ ആണ് ധോണി മേഖലയിൽ ഉള്ളത്. പിടി സെവന്റെ പ്രഹരമേറ്റ് മരണമടഞ്ഞ ധോണി സ്വദേശി ശിവരാമന്റെ മകൻ അഖിലിന്റെ ആദ്യ പ്രതികരണം ഇങ്ങനെ. പിടി സെവൻ വീണ്ടും നാശനഷ്ടങ്ങൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ മൂന്നു മാസം മുമ്പ് തന്നെ ജില്ലാ കളക്ടറെ കണ്ട് അഖിൽ നിവേദനം നൽകിയിരുന്നു. തനിക്കും കുടുംബത്തിനും ഉണ്ടായ ദുരന്തം ഇനി ഒരാൾക്ക് ഉണ്ടാവരുത് എന്ന് ആഗ്രഹിച്ച് എല്ലാ അധികാരികളെയും അഖിൽ മാറി മാറി കണ്ട് അപേക്ഷകൾ നൽകിയിരുന്നു. ധോണിയിൽ ഈ ആശ്വാസവും സന്തോഷവും അഖിലിന് മാത്രമല്ല. പിടി സെവന് മയക്കുവെടിയേറ്റെന്ന വാർത്തകൾ വന്നതോടെ വനപാലകരുടെ നിയന്ത്രണങ്ങൾ എല്ലാം മറികടന്ന് ജനങ്ങൾ ഒഴുകിയെത്തി. മരങ്ങൾക്കു മുകളിൽ വരെ ജനം ഇടംപിടിച്ചു. മൂന്നു കുംകിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് പിടി സേവൻ കയറിക്കഴിഞ്ഞതും ജനങ്ങളുടെ ആശ്വാസവും സന്തോഷവും അണപൊട്ടി. ഇനി പിടി സേവനെ ഭയക്കേണ്ടതില്ലാത്ത ജീവിതത്തിലേക്ക് ധോണി നിവാസികൾ.