30 വർഷങ്ങൾക്ക് മുമ്പ് കാണാതാവുകയും പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ഒരു അമേരിക്കൻ സ്ത്രീയെ പ്യൂർട്ടോ റിക്കോയിലെ ഒരു വൃദ്ധസദനത്തിൽ കണ്ടെത്തി. 1992 -ൽ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ വച്ചാണ് ഇവരെ കാണാതായത്. ഇപ്പോൾ 82 വയസ്സുള്ള, പട്രീഷ്യ കോപ്ത എന്ന സ്ത്രീയെയാണ് മരിച്ചു എന്ന് കരുതിയതിനു ശേഷം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
1999 -ൽ വടക്കൻ പ്യൂർട്ടോ റിക്കോയിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്നതിനിടയിലാണ് ഒരു സാമൂഹിക പ്രവർത്തകൻ ഇവരെ വൃദ്ധസദനത്തിൽ എത്തിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇവർ ഒരു ഡിമെൻഷ്യ രോഗിയാണെന്ന് തിരിച്ചറിയുകയായിരുന്നു. കാണാതാകുന്നതിനു മുൻപ് ഒരു തെരുവ് പ്രാസംഗികയായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് കോപ്ത. തന്റെ ഭൂതകാലം ഒളിപ്പിച്ചുവെച്ചാണ് ഇവർ ആദ്യകാലങ്ങളിൽ അഭയ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഡിമെൻഷ്യ രോഗം കൂടിയതോടെ തന്റെ ഭൂതകാലത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ ഇവർ വെളിപ്പെടുത്തുകയായിരുന്നു.
ഇതിനിടയിൽ നഴ്‌സിംഗ് ഹോമിലെ ജീവനക്കാർ പെൻസിൽവാനിയ അധികൃതരുമായി ബന്ധപ്പെടുകയും കോപ്തയെ കുറിച്ചുള്ള കാര്യങ്ങൾ അവരെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ഡിഎൻഎ ടെസ്റ്റിലാണ് ഇവരുടെ ഐഡൻറിറ്റി തിരിച്ചറിഞ്ഞത്. പെൻസിൽവാനിയയിൽ നിന്ന് ഇവരെ കാണാതാകുന്നതിനു മുൻപ് ഇവർ സ്കീസോഫ്രീനിയയുടെ ചില ലക്ഷണങ്ങളും കാണിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. രോഗ ചികിത്സയുടെ ഭാഗമായി ആശുപത്രി സെല്ലിൽ കിടത്തി ചികിത്സിച്ചിരുന്നു.
ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവർ വീണ്ടും തന്നെ പൂട്ടിയിടുമോ എന്ന് ഭയന്നാണ് നാടുവിട്ടത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. എന്നാൽ, ഇത്രയും കാലം ഒളിവിൽ കഴിയാൻ ഇതുതന്നെയാണോ കാരണം എന്നതിൽ വ്യക്തതയില്ല. തന്റെ ഭാര്യ ഇപ്പോഴും ജീവനോടെയുണ്ട് എന്ന് അറിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കോപ്‌തയുടെ ഭർത്താവ് ബോബ് കോപ്‌ത പറഞ്ഞു.