ദില്ലി : മദ്യപിച്ചെത്തിയ ആൾ എയര്‍ ഹോസ്റ്റസിനെ അവരുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തതായി പൊലീസ്. ദില്ലിയിലെ മെഹ്റോലി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. യുവതിക്ക് പരിചിതനായ ആൾ തന്നെയാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിൽ ഖാൻപൂര്‍ സ്വദേശിയായ ഹര്‍ജീത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് അറസ്റ്റിലായ ഹര്‍ജീത്. താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അടിയന്തിര സന്ദേശം ലഭിച്ചയുടനെ പൊലീസ് എത്തിയപ്പോൾ ഇവര്‍ പ്രതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇയാളെ മുറിയിൽ പൂട്ടിയിട്ട ശേഷം 112 വിളിക്കുകയായിരുന്നു ഇവര്‍.
കഴിഞ്ഞ ഒന്നര മാസമായി ഹര്‍ജീതിനെ തനിക്ക് അറിയാമെന്ന് യുവതി പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചന്ദൻചൗദരി പറഞ്ഞു. മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വന്ന ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും ഡിസിപി വ്യക്തമാക്കി.
അതേസമയം ആന്ധ്രാപ്രദേശിൽ ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പീഡനത്തിന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി. പരാതി നൽകാനെത്തിയ പെൺകുട്ടിയെയും അമ്മയെയും എസ്ഐ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയതോടെ എസ്ഐ അടക്കം നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ആന്ധ്രപ്രദേശിലെ എലൂരുവിലാണ് സംഭവം നടന്നത്.
നീതി തേടി ഏലൂരുവിലെ പേഡവേഗി സ്റ്റേഷനിലെത്തിയ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് അപമാനം സഹിക്കവയ്യാതെ ജീവനൊടുക്കിയത്. പരാതി നൽകാനെത്തിയ പെൺകുട്ടിയെയും അമ്മയെയും എസ്ഐ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അപമാനം സഹിക്കവയ്യാതെയാണ് പെൺകുട്ടിയും അമ്മയും ജീവനൊടുക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരും ജീവനൊടുക്കിയതിന് പിന്നാലെ സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാരുടെ വലിയ പ്രതിഷേധം നടക്കുകയാണ്.