ദില്ലി : അമ്മായിഅമ്മയും ഭർത്താവിന്റെ അനിയനും ചേർന്ന് ബലാത്സംഗം ചെയ്തു എന്ന് യുവതിയുടെ പരാതി. മുൻകൂർ ജാമ്യാപേക്ഷയുമായി അമ്മായിഅമ്മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് പരിഗണിക്കവെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 375, 376 ഡി എന്നിവ പ്രകാരം കൂട്ടബലാത്സംഗക്കേസിൽ ഒരു സ്ത്രീക്കെതിരെയും കേസെടുക്കാനാകുമോ എന്ന കാര്യത്തിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരിക്കയാണ്. സ്ത്രീയുടെ മരുമകൾ നൽകിയ പരാതിയിൽ 61 -കാരിയായ വിധവയ്ക്ക് നേരെ ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 61 -കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് സഞ്ജയ് കരോളും ഈ സംശയം ഉന്നയിച്ചിരിക്കുന്നത്.
പഞ്ചാബിൽ നിന്നുള്ള സ്ത്രീക്കെതിരെയാണ് മരുമകൾ പരാതി നൽകിയത്. ഇവരുടെ മകൻ യുഎസ്സിലാണ്. അയാൾ സോഷ്യൽ മീഡിയയിലൂടെ ഒരു യുവതിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട്, ഇരുവരും തമ്മിൽ വീഡിയോ കോളിലൂടെ വിവാഹവും കഴിച്ചു. ഇയാൾ യുഎസ്സിൽ തന്നെ ആയിരുന്നെങ്കിലും യുവതി ഇയാളുടെ വീട്ടിൽ അമ്മായിഅമ്മയ്ക്കൊപ്പം താമസം തുടങ്ങി.
പിന്നീട്, ഒരു മാസം കഴിഞ്ഞപ്പോൾ യുവതിയുടെ ഭർത്താവിന്റെ അനിയൻ പോർച്ചുഗലിൽ നിന്നും ലീവിന് വീട്ടിലെത്തി. കുറച്ചുനാൾ നിന്നശേഷം മടങ്ങിപ്പോവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, അപ്പോഴേക്കും യുവതി തന്റെ വിവാഹബന്ധം അവസാനിപ്പിക്കാൻ ഭർത്താവിന്റെ വീട്ടുകാരുടെ മേൽ സമ്മർദ്ദം ചെലുത്തിത്തുടങ്ങിയിരുന്നു. അതിനുവേണ്ടി മരുമകൾ 11 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു എന്നും 61 -കാരി പറയുന്നു.
ആ പണം അവർ കൊടുക്കുകയും ചെയ്തു. എന്നാൽ, വീണ്ടും വീണ്ടും മരുമകൾ പണം ആവശ്യപ്പെട്ട് തുടങ്ങി. അത് കൊടുക്കാൻ കഴിയാതെ വന്നപ്പോഴാണ് മരുമകൾ തനിക്കും മകനുമെതിരെ പരാതി നൽകിയത് എന്നാണ് ഇവർ പറയുന്നത്. ഭർത്താവിന്റെ അനിയൻ പീഡിപ്പിച്ചു എന്നാണ് കേസ്. പീഡിപ്പിക്കാൻ ഒപ്പം അമ്മയും ഉണ്ടായിരുന്നു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഐപിസി സെക്ഷൻ 376 (2) n, സെക്ഷൻ 342, സെക്ഷൻ 323, സെക്ഷൻ 506, സെക്ഷൻ 34 എന്നിവ പ്രകാരമാണ് സ്ത്രീക്കെതിരെ കേസെടുത്തിരിക്കുന്നത്. സെഷൻസ് കോടതിയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് 61 -കാരി സുപ്രീം കോടതിയെ സമീപിച്ചത്.
2006 -ലെ സുപ്രീം കോടതി വിധി പ്രകാരം ഐപിസി 375 -ാം വകുപ്പ് പ്രകാരം പുരുഷൻ മാത്രമാണ് ബലാത്സംഗം ചെയ്യുന്ന കേസിൽ പെടുക എന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കൂട്ടബലാത്സംഗം കൈകാര്യം ചെയ്യുന്ന 376 ഡി പ്രകാരം വ്യക്തികൾ എന്നാണ് ഇതിൽ പറയുന്നതെന്ന് ജസ്റ്റിസ് റോയ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 61 -കാരിക്ക് അറസ്റ്റിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുണ്ട്. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.