ഓസ്ട്രേലിയ: മരണ തൊപ്പി കൂണ്‍ എന്ന് പ്രസിദ്ധമായ വിഷക്കൂണ്‍ കറി കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. ജൂലൈ അവസാനമാണ് വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചത്. സംഭവത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഓസ്ട്രേലിയയിലെ വിക്ടോറിയ പോലീസ് അറിയിച്ചു. യുവതിയുടെ പേര് വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചപ്പോള്‍, എറിൻ പാറ്റേഴ്സൺ (49) എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ അവസാനത്തോടെ വിക്ടോറിയയിലെ ലിയോംഗാത്തയിലെ തന്‍റെ വീട്ടിലെത്തിയ മുൻ അമ്മായിയമ്മയ്ക്കും അമ്മായിയമ്മയുടെ സഹോദരിക്കും ഭർത്താവിനും എറിന്‍ പാറ്റേഴ്സണ്‍, ബീഫ് വെല്ലിംഗ്ടൺ വിഭവം കഴിക്കാനായി നല്‍കി.
ഭക്ഷണം കഴിച്ച് ദിവസങ്ങള്‍ക്ക് ശേഷം എറിൻ പാറ്റേഴ്സണിന്‍റെ മുൻ അമ്മായിയമ്മ ഗെയിൽ പാറ്റേഴ്സൺ (70), ഗെയ്ലിന്‍റെ സഹോദരി ഹീതർ വിൽക്കിൻസൺ (66), ഗെയിലിന്‍റെ 70 വയസ്സുള്ള ഭർത്താവ് ഡോൺ എന്നിവർ ആശുപത്രിയിൽ വച്ച് മരിച്ചു. ഭക്ഷണം കഴിച്ച നാലാമത്തെ ആളായ ഇയാൻ വിൽക്കിൻസൺ (68) ഗുരുതരാവസ്ഥയിലായെങ്കിലും പിന്നീട് ആശുപത്രി വിട്ടു. കുറ്റം നിഷേധിച്ച എറിന്‍, പാചകക്കുറിപ്പ് പ്രകാരം താൻ ഉപയോഗിച്ച കൂൺ അപകടകരമാണെന്ന് അറിയില്ലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ സ്നേഹിക്കുന്ന ആളുകളെ കൊല്ലാന്‍ മാത്രം ആ വിഷക്കൂണ്‍ കാരണമാകുമെന്ന് തനിക്ക് അറിയില്ലായിരുന്നു. രണ്ട് വ്യത്യസ്ത കടകളിൽ നിന്നാണ് താൻ ഭക്ഷണത്തിന് ഉപയോഗിക്കുന്ന കൂൺ വാങ്ങിയതെന്നും’ എറിക് പോലീസിനോട് പറഞ്ഞു.
മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ എറിനെ സംശയിക്കുന്നതായി വിക്ടോറിയ പോലീസ് നരഹത്യ സ്ക്വാഡിലെ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ ഡീൻ തോമസ് പറഞ്ഞിരുന്നെന്നും അന്ന് ഭക്ഷണം കഴിച്ചവരില്‍ രോഗബാധ ഉണ്ടാക്കാത്ത ഒരേയൊരാള്‍ എറിനായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗബാധയുടെ ലക്ഷണങ്ങള്‍ ‘മരണ തൊപ്പി കൂണ്‍’ വിഷബാധയുമായി പൊരുത്തപ്പെടുന്നവയാണെന്ന് പോലീസ് പറയുന്നു. എറിക്, ഭര്‍ത്താവ് പാറ്റേഴ്സണുമായുള്ള ബന്ധം നേരത്തെ പിരിഞ്ഞിരുന്നു. അറസ്റ്റിന് ശേഷം യുവതിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.