തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. തിരുന്നെൽവേലി സ്വദേശി പൊൻദിനേശനെയാണ് കോയമ്പത്തൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച വെള്ളപ്പാണ്ടിയെന്ന ആളെയും വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ യുവതിയെ വർക്കലയിലെ സ്വകാര്യ റിസോർട്ടിലെത്തിച്ച് കൂട്ടബലാത്സംഘത്തിനിരയാക്കിയ കേസിലെ സൂത്രധാരനാണ് അറസ്റ്റിലായ പൊൻദിനേശൻ.
വർക്കല എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലെത്തിയാണ് രണ്ടാം പ്രതി പൊൻദിനേശനെ പിടികൂടിയത്. കോയമ്പത്തൂരിൽ പ്രതിക്ക് ഒളിത്താവളമൊരുക്കിയ ആളാണ് പിടിയിലായ വെള്ളപ്പാണ്ടി. രണ്ട് കൊലപാതക കേസിലെ പ്രതി കൂടിയാണ് വെള്ളപ്പാണ്ടിയെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ യുവതിയെ സുഹൃത്തും കൂട്ടാളികളും ചേർന്ന് ന്യൂ ഇയർ ആഘോഷിക്കാൻ എന്ന പേരിൽ വർക്കലയിലെത്തിച്ച ശേഷം ശീതളപാനിയത്തിൽ ലഹരി കലർത്തി നൽകി ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് നിന്നും രക്ഷപ്പെടുന്നതിനായി പാപനാശം കുന്നിൽ നിന്നും താഴേക്ക് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കുറ്റകൃത്യം പുറത്തറിയുന്നത്. കേസിൽ ഒന്നാം പ്രതിയും യുവതിയുടെ സുഹൃത്തുമായ വസന്ത്, കാന്തൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.