ദില്ലി: ഗാസിയാബാദിൽ നടന്ന കൂട്ടബലാത്സംഗം പരാതിക്കാരിയായ യുവതിയുടെ കള്ളക്കഥയാണെന്ന് പൊലീസ്. സ്വത്ത് സംബന്ധിച്ച് തർക്കത്തെ തുടർന്ന് യുവാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് യുവതി വ്യാജ പരാതി നൽകിയതെന്ന് വ്യക്തമായെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. അഞ്ച് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. എന്നാൽ യുവതി പറഞ്ഞ ദിവസം ആരും ഇവരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഇവർ സുഹൃത്തുക്കളോടൊപ്പം താമസിക്കുകയായിരുന്നെന്നും യുപി റീജിയണൽ പൊലീസ് മേധാവി പ്രവീൺ കുമാർ പറഞ്ഞു.
36 കാരിയെ ചണസഞ്ചിയിൽ പൊതിഞ്ഞ നിലയിൽ, കൈകളും കാലുകളും കെട്ടിയിട്ട നിലയിൽ കണ്ടെത്തിയെന്ന് ദില്ലി വനിത കമ്മീഷൻ മേധാവി സ്വാതി മലിവാളിന്റെ ട്വീറ്റിനെ തുടർന്നാണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് കമ്പി കയറ്റിയെന്നും സംശയമുണ്ടായിരുന്നു. തുടർന്ന് ഇവരെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയെ തുടർന്ന് അഞ്ചുപേരിൽ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. സ്വത്ത് തർക്കം അന്നും യുവാക്കൾ പരാമർശിച്ചു. ദില്ലിയിലെ ജിടിബി ഹോസ്പിറ്റലിൽ നടന്ന പരിശോധനയിൽ യുവതിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ് പരാതിയിൽ സംശയമുണരുന്നത്.
ഗാസിയാബാദിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന ആശ്രാമം റോഡിന് സമീപം യുവതിയെ കണ്ടെത്തിയ സ്ഥലത്ത് അവളുടെ സുഹൃത്തുക്കളിലൊരാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി മൊബൈൽ സിഗ്നൽ ട്രാക്കിംഗ് കാണിച്ചതായി പൊലീസ് പറഞ്ഞു.
ഗാസിയാബാദിൽ ജന്മദിന പാർട്ടിയിൽ പങ്കെടുത്ത ശേഷം ദില്ലിയിലേക്ക് ബസ് കാത്തുനിൽക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് അവർ പറഞ്ഞിരുന്നു. സഹോദരൻ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടതിന് ശേഷം കാറിലെത്തിയ അഞ്ച് പേർ അവളെ വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്തെന്നുമാണ് യുവതി പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. അഞ്ച് പേർക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഗൂഢാലോചനയാണ് പരാതിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയുമായി ബന്ധമുള്ള മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലാത്സംഗക്കേസിന് കൂടുതൽ പ്രചാരണം നൽകുന്നതിനായി ഇവരിൽ ഒരാൾ പേടിഎം വഴി ഒരാൾക്ക് പണം നൽകിയതിന് തെളിവുകളും ലഭിച്ചു. യുവതി സുഹൃത്തുക്കളോടൊപ്പം പോയ കാർ പൊലീസ് കണ്ടെടുത്തു. ഗാസിയാബാദിലും മീററ്റിലും വൈദ്യ പരിശോധന നടത്താൻ യുവതി വിസ്സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.