ഭോപ്പാല്‍: തനിക്ക് കുഞ്ഞിനെ പ്രസവിക്കണമെന്നും ഭർത്താവിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ സ്ത്രീയുടെ ഹര്‍ജി. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് സ്ത്രീ ഹര്‍ജി നല്‍കിയത്. കുട്ടികളെ പ്രസവിക്കുക എന്നത് തന്‍റെ മൗലികാവകാശം ആണെന്ന് അവര്‍ വാദിച്ചു. ജസ്റ്റിസ് വിവേക് അഗര്‍വാളിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരു ക്രിമിനൽ കേസിൽ ജയിലിൽ ആണ് സ്ത്രീയുടെ ഭര്‍ത്താവ്. നന്ദ് ലാൽ വേഴ്സസ് സ്റ്റേറ്റ് കേസിൽ രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സന്താനോല്‍പ്പാദനം തന്റെ മൗലികാവകാശമാണെന്നാണ് വാദം. ജസ്റ്റിസ് വിവേക് അഗർവാളിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രേഖകൾ പ്രകാരം സ്ത്രീക്ക് ആർത്തവ വിരാമത്തിന്റെ പ്രായം കഴിഞ്ഞെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുബോധ് കതാര്‍ വാദിച്ചു. അതിനാൽ സ്വാഭാവികമായോ കൃത്രിമമായോ ഗർഭധാരണത്തിന് സാധ്യതയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരിക്ക് ഗർഭം ധരിക്കാനുള്ള ശാരീരിക അവസ്ഥയുണ്ടോ എന്ന് പരിശോധിക്കാൻ അഞ്ച് ഡോക്ടർമാരുടെ സംഘത്തെ രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു. ജബൽപൂരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജിനാണ് കോടതി നിര്‍ദേശം നല്‍കിയത്.
നവംബർ 7 ന് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് എത്താന്‍ ഹര്‍ജിക്കാരിയോട് ആവശ്യപ്പെട്ടു. മൂന്ന് ഗൈനക്കോളജിസ്റ്റുകൾ, ഒരു സൈക്യാട്രിസ്റ്റ്, ഒരു എൻഡോക്രൈനോളജിസ്റ്റ് എന്നിങ്ങനെ അഞ്ച് ഡോക്ടർമാരുടെ സംഘമാണ് ഹര്‍ജിക്കാരിയെ പരിശോധിക്കുക. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കേസിൽ അടുത്ത വാദം നവംബർ 22 ന് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.