പത്തനംതിട്ട: ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും നിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് സംസാഥന വനിതകമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവല്ല വൈ.എം.സി.എ ഹാളില്‍ നടത്തിയപത്തനംതിട്ട ജില്ലാതല സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
അദാലത്തില്‍ പരിഗണനക്കു വന്ന പരാതികള്‍ പരിശോധിച്ചതില്‍ നിന്നും കുടുംബാന്തരീക്ഷം സങ്കീര്‍ണമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളതെന്നാണ് മനസിലാകുന്നത്. മദ്യപാനം മൂലമുള്ള പ്രശ്‌നങ്ങളും പൊലീസ് താക്കീത് നല്‍കിയശേഷവും കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്ന സാഹചര്യവും ഉണ്ട്. പരാതിപ്പെട്ടതിന്റെ പേരിലും സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നു. ഇത്തരം കുടുംബ പ്രശ്‌നങ്ങള്‍ ദേഷകരമായി ബാധിക്കുന്നത് കുട്ടികളെ ആണ്.
വീടുകള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വാര്‍ഡു തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണം. മദ്യപാനത്തിനെതിരെ വലിയ ബോധവല്‍ക്കരണവും ഭാര്യ, ഭര്‍ത്താക്കന്‍മാര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും നല്‍കണം. വനിത കമീഷന്റെ തിരുവനന്തപുരം ഓഫീസില്‍ സ്ഥിരമായ കൗണ്‍സിലിങും എറണാകുളത്തെ റീജിയണല്‍ ഓഫീസില്‍ മൂന്ന് ദിവസം കൗണ്‍സിലിങും നല്‍ക്കുന്നുണ്ട്.
വനിത ശിശു വികസന വകുപ്പിന്റെയും പൊലീസ് വനിതാ സെല്ലിന്റെയും കൗണ്‍സിലിങ് സംവിധാനം ജില്ലകളില്‍ പ്രയോജനപ്പെടുത്തണം. ഹോം നഴ്‌സുകളുടെയും വീട്ടുജോലിക്കാരുടെയും പ്രശ്‌നങ്ങള്‍ അറിയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ അടുത്ത മാസം പബ്ലിക് ഹിയങിങ് നടത്തുമെന്നും വനിത കമീഷന്‍ അധ്യക്ഷ പറഞ്ഞു.
അദാലത്തില്‍ 46 പരാതികള്‍ പരിഗണിച്ചു. 14 കേസുകള്‍ തീര്‍പ്പാക്കുകയും നാല് പരാതികളില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി അയക്കുകയും ചെയ്തു. ബാക്കി 28 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി. കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ ലഭിച്ചതില്‍ ഏറെയും.
സിറ്റിങ്ങിൽ വനിതകമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും പരാതികള്‍ കേട്ട് കേസുകള്‍ തീര്‍പ്പാക്കി. പാനല്‍ അഭിഭാഷകരായ അഡ്വ.എസ്. സബീന, അഡ്വ.എസ്. സീമ, കൗണ്‍സിലര്‍ രമ്യ കെ. പിള്ള, വനിതാസെല്‍ പൊലീസ് ഉദ്യോഗസ്ഥ എന്നിവര്‍ പങ്കെടുത്തു.