തലച്ചോർ വികാസം പ്രാപിക്കുന്നതിന് മുമ്പുള്ള മനുഷ്യരുടെ പൂർവികരുടെ അവശിഷ്ടങ്ങൾ അടങ്ങിയ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ പാലിയന്റോളജിസ്റ്റുകൾ. പ്രശസ്ത പാലിയോ ആന്ത്രോപോളജിസ്റ്റ് ലീ ബെർഗറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജോഹന്നാസ്ബർഗിന് സമീപം ഈ കണ്ടെത്തൽ. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ക്രാഡിൽ ഓഫ് ഹ്യൂമൻകൈൻഡിലെ ഒരു ഗുഹാസംവിധാനത്തിൽ ആണ് ഏകദേശം 30 മീറ്റർ താഴ്ച്ചയിൽ കുഴിച്ചിട്ടിരിക്കുന്ന ഹോമോ നലേഡി എന്നറിയപ്പെടുന്ന മരം കയറുന്ന, ശിലായുഗ ഹോമിനിഡിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഈ കണ്ടെത്തലുകൾ. കാരണം സാധാരണഗതിയിൽ തലച്ചോർ വികാസം പ്രാപിച്ചതിനുശേഷം ആണ് മരിച്ചവരെ സംസ്‌കരിക്കുന്നത് പോലെയുള്ള സങ്കീർണ്ണമായ പ്രവർത്തനങ്ങൾ പൂർവിക മനുഷ്യൻ നടത്താൻ തുടങ്ങിയത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ ചെറിയ തലച്ചോറുകളുള്ള പൂർവിക മനുഷ്യൻറെ അകന്ന ബന്ധു എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഹോമോ നലേഡിയുടേതാണ്.
മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും മുമ്പ് കണ്ടെത്തിയ ഏറ്റവും പഴയ ശ്മശാനങ്ങൾ ഏകദേശം 100,000 വർഷം പഴക്കമുള്ളവയായിരുന്നു. ഇവയിൽ ഹോമോ സാപ്പിയൻസിന്റെ അവശിഷ്ടങ്ങളും അടങ്ങിയിരുന്നു. ബെർജറും അദ്ദേഹത്തിന്റെ സഹഗവേഷകരും ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയവ, കുറഞ്ഞത് 200,000 ബിസിയിലേതാണ്.
കുരങ്ങുകളിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ ഇടനാഴിയിൽ നിൽക്കുന്ന ഒരു പ്രാകൃത ഇനമായാണ് ഹോമോ നലേഡിയേ കണക്കാക്കുന്നത്. ഇവയുടെ തലച്ചോറിന് ഒരു ഓറഞ്ചിന്റെ അത്ര മാത്രമേ വലിപ്പമുള്ളൂ. എന്നാൽ, ഇവയ്ക്ക് ഏകദേശം അഞ്ച് അടിയോളം ഉയരം ഉണ്ട്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ശ്മശാനത്തിൽ കുറഞ്ഞത് അഞ്ച് മൃതദേഹങ്ങൾ എങ്കിലും ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കൂടാതെ ഇവ ബോധപൂർവ്വം കുഴിച്ച് സംസ്കരിച്ചതാണെന്നാണ് ശ്മശാനത്തിൽ നിന്ന് ലഭിക്കുന്ന തെളിവുകൾ കാണിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.