ചെന്നൈ: ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടറുടെ ജീവനൊടുക്കിയതിന്‍റെ നടുക്കത്തിലാണ് ചെന്നൈ മെഡിക്കല്‍ കോളേജും ബന്ധുക്കളും. 42 വയസ് പ്രായമുള്ള ആള്‍വാര്‍പേട്ട് സ്വദേശിയും മദ്രാസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറുമായ യു കാര്‍ത്തിയാണ് ജീവനൊടുക്കിയത്. ആള്‍വാര്‍പേട്ടിലെ അപാര്‍ട്ട്മെന്റില്‍ അഴുകി തുടങ്ങിയ നിലയിലാണ് യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഗ്യാസ്ട്രോഎൻട്രോളജി വകുപ്പിലായിരുന്നു കാര്‍ത്തി ജോലി ചെയ്തിരുന്നത്.
അവിവാഹിതനായ കാര്‍ത്തി കഴിഞ്ഞ 13 വര്‍ഷമായി ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ടിടികെ റോഡിലെ അപാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി മുതല്‍ കാര്‍ത്തിയെ ഫോണില്‍ ലഭിക്കാത്തതിനേ തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കളാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചത്. വീട്ടിലെത്തിയ മറ്റൊരു ഡോക്ടറാണ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരുന്ന വിവരവും തുറന്ന് കിടക്കുന്ന വീട്ടിനുള്ളില്‍ കാര്‍ത്തിയുടെ മൃതദേഹം കണ്ട വിവരവും പൊലീസിനെയും ബന്ധുക്കളേയും അറിയിച്ചത്. കൈകളിലൂടെ രക്തമൊഴുകിയ നിലയില്‍ അഴുകി തുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
ഓഗസ്റ്റ് 19ന് യുവ ഡോക്ടര്‍ ജീവനൊടുക്കിയിരിക്കാമെന്ന നിരീക്ഷണമാണ് പൊലീസിനുള്ളത്. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വിശദമാക്കുന്ന ഒരു കുറിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊവിഡ് മഹാമാരി സമയത്ത് മൂന്ന് തവണയാണ് യുവ ഡോക്ടറെ കൊവിഡ് സാരമായി ബാധിച്ചത്. ഇതിന് ശേഷം കാര്‍ത്തിക് ഹൃദയ സംബന്ധിയായ തകരാറുകള്‍ നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്. പുതുച്ചേരിയിലാണ് കാര്‍ത്തിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. കാര്‍ത്തിയുടെ പിതാവും സഹോദരിയും ഡോക്ടര്‍മാരാണ്.
ആറ് മാസം മുന്‍പാണ് കാര്‍ത്തി മദ്രാസ് മെഡിക്കല്‍ കോളേജില്‍ ജോലിക്ക് ചേരുന്നത്. ജനങ്ങളോടുള്ള സേവന മനോഭാവം നിമിത്തം വിവാഹം പോലും വേണ്ടെന്ന് വച്ച വ്യക്തിയാണ് കാര്‍ത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ താമസിക്കുന്ന സഹോദരിയോട് ദിവസവും കാര്‍ത്തി സംസാരിച്ചിരുന്നു. എന്നാല്‍ 19ാം തിയതി മുതല്‍ ഫോണില്‍ ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ക്ക് ആശങ്കയായത്.