റാഞ്ചി: ജാർഖണ്ഡിൽ യുവതിയെ കൊലപ്പെടുത്തി 50 കഷ്ണങ്ങളാക്കി ഭർത്താവിന്റെ ക്രൂരത. 22കാരിയായ ആദിവാസി യുവതി റൂബിക പഹാദനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ശ്രദ്ധാവാൾക്കർ കൊലപാതകത്തിന് സമാനമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽകെട്ടി വീട്ടിനുള്ളിൽ സൂക്ഷിക്കുകയും ചില ഭാഗങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. ഉപേക്ഷിച്ച ഭാഗങ്ങൾ നായ്ക്കൾ ഭക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ തിരച്ചിലിൽ ദിൽദാറിന്റെ വീട്ടിൽ നിന്നും ശരീര ഭാഗങ്ങൾ കണ്ടെടുത്തു. സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിലാണ് സംഭവം. വിവിധ ഭാഗങ്ങളിൽനിന്നായി പതിമൂന്നോളം ശരീരഭാഗങ്ങൾ കണ്ടെത്തി. പൂട്ടിക്കിടന്ന ഒരു വീടിനുള്ളിൽനിന്നും ശരീരഭാഗങ്ങൾ കണ്ടെടുത്തു.
ദിൽദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. എന്നാൽ, ഇവർ പതിവായി വഴക്കുണ്ടാകാറുണ്ടായിരുവെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വെള്ളിയാഴ്ച ദിർദാറിന്റെ അമ്മ, റൂബികയെ അവരുടെ സഹോദരൻ മൊയ്നുദ്ദീൻ അൻസാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് റൂബികയെ കൊന്ന ശേഷം, ഇരുമ്പ് മുറിക്കുന്ന മെഷീൻ ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിൽദാറിന്റെ അമ്മാവൻ അൻസാരിക്കും കൊലയിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടക്കും.
ശനിയാഴ്ച കൈവിരൽ, തോൾ, ഒരു കൈ, ശ്വാസകോശം, വയറിന്റെ ഭാഗങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. പൊലീസ് ദിൽദാറിന്റെയും ബന്ധുക്കളുടെയും വീടുകളിൽ പരിശോധന നടത്തിയപ്പോൾ അമ്മാവന്റെ വീടിന്റെ ടെറസിൽ രക്തക്കറ കണ്ടെത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യലിനായി കുടുംബാംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബറിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. രണ്ട് വർഷത്തെ ബന്ധത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ ദിൽദാർ ആദ്യഭാര്യക്കും മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഗോദ പഹാഡ് സ്വദേശിയാണ് റൂബിക.