വിവാഹജീവിതത്തിൽ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. സ്നേഹമാണ് വലുത് എന്നൊക്കെ പറഞ്ഞാലും പണം മിക്കവാറും ഈ കലഹങ്ങളിലൊക്കെ ഒരു പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുപോലെ ഒരു സംഭവത്തിനാണ് ആഗ്രയിലെ കുടുംബ കോടതി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരാൾ തന്റെ അമ്മായിഅമ്മയ്ക്കെതിരെ വിചിത്രമായ ഒരു പരാതിയുമായി രംഗത്തെത്തി. ഭാര്യ അവരുടെ സ്വന്തം വീട്ടിലായിരുന്നു. അവിടെ നിന്നും തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരണമെങ്കിൽ ഭർത്താവ് തങ്ങൾക്ക് അഞ്ചുലക്ഷം രൂപ നൽകണമെന്ന് അമ്മായിഅമ്മ ആവശ്യപ്പെട്ടത്രെ. ആഗ്ര കുടുംബകോടതിയിൽ യുവാവ് നൽകിയ പരാതി പിന്നീട് ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. 2022 -ലാണ് ആഗ്രയിലെ ഇറാദത്ത് നഗർ സ്വദേശിയായ യുവാവും ഫിറോസാബാദ് ജില്ലയിലെ രാംഗഢിൽ നിന്നുള്ള യുവതിയും വിവാഹിതരാവുന്നത്.
എന്നാൽ, വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവും ഭാര്യയും തമ്മിൽ കലഹം പതിവായി. ആറുമാസത്തിനുള്ളിൽ തന്നെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ, ഭർത്താവ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ യുവതിയുടെ വീട്ടിൽ ചെല്ലുകയും പ്രശ്നങ്ങളെല്ലാം പരിഹരിക്കാം വീട്ടിലേക്ക് വരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മകളെ വിടണമെങ്കിൽ 50,000 രൂപ വേണം എന്നാണ് അന്ന് അമ്മായിഅമ്മ ആവശ്യപ്പെട്ടത്.
യുവാവ് ഒരു സുഹൃത്തിൽ നിന്നും ആ തുക കടം വാങ്ങുകയും അമ്മായിഅമ്മയ്ക്ക് നൽകി ഭാര്യയെ തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാൽ, കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ പിന്നെയും പ്രശ്നങ്ങളായി. ഭാര്യ വീണ്ടും തിരികെ സ്വന്തം വീട്ടിലേക്ക് പോയി. ഇത്തവണ വിളിക്കാൻ ചെന്ന യുവാവിനോട് അമ്മായിഅമ്മ 5 ലക്ഷം രൂപയാണത്രെ ആവശ്യപ്പെട്ടത്. മകൾ പിണങ്ങിപ്പോന്ന് സ്വന്തം വീട്ടിൽ നിന്നപ്പോൾ ചെലവ് വന്ന തുകയാണ് അതെന്നാണ് അമ്മായിഅമ്മ പറഞ്ഞത്. അങ്ങനെയാണ് യുവാവ് കുടുംബകോടതിയിൽ എത്തിയത്.
യുവതിയും അമ്മയുടെ ഭാഗം നിൽക്കുകയും ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോകില്ല എന്ന് പറയുകയുമായിരുന്നു. എന്നാൽ, യുവതിക്ക് അയൽക്കാരനുമായി സൗഹൃദമുണ്ടെന്നും അതാണ് പതിവായി വഴക്കുണ്ടാകാനുള്ള കാരണമെന്നും യുവാവ് ആരോപിക്കുന്നു.