ബോഡി മോഡിഫിക്കേഷൻ ഈ കാലഘട്ടത്തിൽ അത്ര അപൂർവമായ കാര്യമല്ല. സ്വന്തം ശരീരത്തെ ഇഷ്ടമുള്ള രൂപത്തിലേക്ക് മാറ്റി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. വിദേശ രാജ്യങ്ങളിലാണ് ബോഡി മോഡിഫിക്കേഷന് ആരാധകർ ഏറെ. ബോഡി മോഡിഫിക്കേഷനിലൂടെ സ്വന്തം ശരീരത്തെ ഒരു അന്യഗ്രഹ ജീവിയുടേതിന് സമാനമാക്കി മാറ്റിയ യുവതി ഇപ്പോൾ നാട്ടുകാർക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ യുവതിയെ കാണുമ്പോൾ ആളുകൾ ഭയന്നോടുകയും യുവതിയെ ആട്ടിയോടിക്കാൻ പലതരത്തിലുള്ള മതപരമായ ചടങ്ങുകൾ നടത്തുകയുമൊക്കെയാണ് ഇപ്പോൾ നാട്ടുകാർ.
യുകെ സ്വദേശിനിയായ ഫ്രെയ്‌ജ ഫോറിയയെ ആണ് ആളുകൾ ഇപ്പോൾ പിശാചിനെപ്പോലെ കാണുകയും ഭയക്കുകയും ചെയ്യുന്നത്. ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 27 -കാരിയായ ഫ്രെയ്‌ജ തന്റെ 11-ാം വയസ്സുമുതലാണ് ബോഡിമോഡിഫിക്കേഷനിൽ ആകൃഷ്ടയാകുകയും തന്റെ ശരീരത്തിൽ പരീക്ഷണങ്ങൾ നടത്താൻ ആരംഭിക്കുകയും ചെയ്തത്. സ്വയം പ്രഖ്യാപിത അന്യഗ്രഹജീവിയായ ഫ്രെയ്ജ ഫോറിയ യുകെയിലെ ലണ്ടനിൽ ആണ് താമസിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ഒരുങ്ങി നടക്കുന്നതിൽ ഏറെ താൽപ്പര്യമുണ്ടായിരുന്ന ഇവർ പതിയെ മോഡി ബോഡിഫിക്കേഷനിലെക്ക് തിരിയുകയും ചെയ്തു. കളർ ചെയ്ത മുടിയും രൂപമാറ്റം വരുത്തിയ പല്ലും മുഖവും ഒക്കെയാണ് ഇവരുടെ ശരീരത്തിന്റെ പ്രത്യേകതകൾ.
17 വയസ്സ് തികഞ്ഞപ്പോൾ തന്നെ അവളുടെ രൂപം മാറിയിരുന്നു എന്നാണ് ഡെയിലി സ്റ്റാർ പറയുന്നത്. അതോടെ അവളുടെ ജീവിതവും മാറി. ഒരു വശത്ത്, വഴിപോക്കർ അവളെ ഒരു ദുരാത്മാവ് ആയി തെറ്റിദ്ധരിക്കുകയും പള്ളിയിൽ നിന്നു ലഭിക്കുന്ന വിശുദ്ധജലം അവളുടെ മേൽ തളിക്കുകയും ചെയ്തു. മറുവശത്ത് മറ്റ് ചിലർ അവളെ ഒരു പൈശാചിക രൂപമായി കണക്കാക്കുകയും അവളെ ആട്ടിയകറ്റാനുള്ള മാർഗങ്ങൾ പരീക്ഷിക്കുകയും ചെയ്യുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.












