പാമ്പ് കടിയേറ്റതായി അവകാശപ്പെട്ടുകൊണ്ട് ആശുപത്രിയിലെത്തിയ യുവാവിന്‍റെ വിചിത്രമായ വാദങ്ങളാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. മഹേന്ദ്ര എന്ന യുവാവ് തനിക്ക് പാമ്പ് കടിയേറ്റിരിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യം ആശുപത്രിയിലെത്തിയത്. ഹര്‍ദോയ് മെഡിക്കല്‍ കോളേജില്‍ പാതിരാത്രി എമര്‍ജൻസി വിഭാഗത്തിലെത്തിയ യുവാവ് ഇക്കാര്യം അവിടെ അറിയിക്കുകയായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ പെട്ടെന്ന് തന്നെ ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കി.
തന്‍റെ സ്വകാര്യഭാഗത്ത് പാമ്പ് കടിച്ചുവെന്നാണ് യുവാവ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. എന്ന് മാത്രമല്ല, മലവിസര്‍ജ്ജനത്തിനിടെ പാമ്പ് കടിച്ച ശേഷം സ്വകാര്യഭാഗത്ത് കൂടി പാമ്പ് ശരീരത്തിനകത്ത് കയറി, ആമാശയം വരെയെത്തിയെന്നും ഇദ്ദേഹം പരാതിപ്പെട്ടിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് യുവാവ് ബന്ധുക്കളെയും കൂട്ടി ആശുപത്രിയിലെത്തിയിരുന്നത്. എന്നാല്‍ പാമ്പ് കടിച്ചതിന്‍റെ യാതൊരുവിധത്തിലുള്ള സൂചനകളും ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ കണ്ടെത്താൻ ഡോക്ടര്‍മാര്‍ക്ക് ആയില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ സംഗതി മഹേന്ദ്രയുടെ ബന്ധുക്കളോട് വിശദീകരിച്ചു. അവര്‍ ഇദ്ദേഹത്തെയും കൊണ്ട് വീണ്ടും മറ്റൊരു ആശുപത്രിയിലേക്ക് പോയി. അവിടെ വച്ചാണ് എന്താണ് യുവാവിന്‍റെ യഥാര്‍ത്ഥ പ്രശ്നമെന്ന് ഏവര്‍ക്കും മനസിലായത്.
സംഭവം, യുവാവ് ഏതോ ലഹരിമരുന്ന് ഉപയോഗിച്ചതാണത്രേ. ഇതോടെ മനോനില മാറിമറിഞ്ഞ യുവാവ് സങ്കല്‍പത്തില്‍ ആണ് ഇത്തരമൊരു അപകടം തനിക്കുണ്ടായതായി കരുതിയത്. പിന്നീട് ഇത് യാതാര്‍ത്ഥ്യമാണെന്ന് വിശ്വസിച്ച് ബന്ധുക്കളെയും അങ്ങനെ ധരിപ്പിച്ച് ആശുപത്രിയിലെത്തുകയായിരുന്നുവത്രേ. സ്കാൻ ചെയ്ത് നോക്കിയപ്പോഴും അസ്വാഭാവികതകളൊന്നും കണ്ടില്ലെന്നും യുവാവിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ വച്ച ശേഷം യുവാവിനെ ഡിസ്‍ചാര്‍ജും ചെയ്തു.