കൊച്ചി: മയക്കുമരുന്ന് ഇടപാടുകളിലൂടെ ചോട്ടാഭായ് എന്ന് കുപ്രസിദ്ധി നേടിയ യുവാവ് പിടിയിൽ. ആറരക്കിലോ കഞ്ചാവും 23 ഗ്രാം ഹെറോയിനുമായി ചോട്ടാഭായ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ചോട്ടാഭായ് എന്ന് അറിയപ്പെടുന്ന അസം സ്വദേശി ഇത്താഹിജുൽ ഹക്കിമ്മാണ് പിടിയിലായത്. 20 വയസ് മാത്രമാണ് ഹക്കിമിന്റെ പ്രായം. കുന്നത്തുനാട് എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം, നിലമ്പൂരിൽ എക്സൈസ് വൻ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു. 265.14 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് കസ്റ്റഡിയിലെടുത്തത്.
യുവതി ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. വടപുറം – താളിപ്പൊയിൽ റോഡിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ, ഇന്നോവ കാറിൽ വന്ന പ്രതികളിൽ നിന്ന്, മെത്താംഫിറ്റമിൻ കണ്ടെടുത്തത്. കാളികാവ് റേഞ്ച് ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ശിഹാബുദ്ധീൻ, നിലമ്പൂർ സ്വദേശി മുഹമ്മദ് ഇജാസ്, കോഴിക്കോട് തിരുവമ്പാടി സ്വദേശി സാക്കിറ എ കെ എന്നിവരാണ് പ്രതികൾ. ഇവരിൽ നിന്ന് വിപണിയിൽ എട്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന രാസലഹരിയാണ് കണ്ടെടുത്തത്.
കോഴിക്കോട് താമരശ്ശേരി ഭാഗത്തുനിന്നും നിലമ്പൂർ ഭാഗത്തേക്ക് വിൽപ്പനക്കായി എത്തിച്ച മയക്കുമരുന്നാണിത്. പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് അരുൺകുമാർ കെ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഹബീബ് കെ പി, മുഹമ്മദ് അഫ്സൽ വി, സുലൈമാൻ എം, ലിജിൻ വി, മുഹമ്മദ് ശരീഫ് എൻ, വിപിൻ കെ വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രജനി പി, ശ്രീജ പി കെ, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവർ ഉണ്ടായിരുന്നു.