ചെന്നൈ : മദ്യാസക്തിയില്‍ ക്ഷേത്രത്തിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ യുവാവ് അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിലാണ് പെട്രോൾ ബോംബ് വന്ന് വീണത്. ചെന്നൈയിലെ പാരീസിനടുത്തുള്ള ശ്രീ വീരബദ്രസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പൂജാരിമാർ കര്‍മ്മങ്ങള്‍ നടത്തുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി മുരളീകൃഷ്ണൻ പെട്രോൾ ബോംബ് എറിയുകയായിരുന്നു. മുരളീകൃഷ്ണനെതിരെ മറ്റ് നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയതെന്നും പോലീസ് പറഞ്ഞു. മുരളീകൃഷ്ണൻ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്നു. മുരളീകൃഷ്ണൻ കടയ്ക്കുള്ളിൽ ഇരുന്ന് മദ്യക്കുപ്പിയിൽ പെട്രോൾ നിറയ്ക്കുന്നത് നിരീക്ഷണത്തിൽ നിന്ന് വ്യക്തമാണ്. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്ത് വന്നു.
ബിജെപിയുടെ പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. പിന്നീട് രാജ്ഭവന് നേരെയും ഇപ്പോൾ ഒരു ക്ഷേത്രത്തിനകത്തും പെട്രോൾ ബോംബെറിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എക്സില്‍ കുറിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണ്. തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നു. കപട മതേതരത്വത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും സംസാരിക്കുന്ന വിഘടനവാദ സംഘടനകളെ നിയന്ത്രിക്കുന്നതിൽ ഡിഎംകെ പരാജയപ്പെട്ടതാണ് ക്ഷേത്രങ്ങൾക്കുള്ളിൽ പെട്രോൾ ബോംബുകൾ എറിയുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചതെന്നും കെ അണ്ണാമലൈ പറഞ്ഞു.