ജോർജ്ജിയ: യുവതിയുടെ വീടിന് നേരെ ബോംബ് ആക്രമണം നടത്തുകയും യുവതിയുടെ മകൾക്കെതിരെ പാമ്പിനെ അടക്കം ഉപയോഗിച്ച് ആക്രമിക്കാനും പദ്ധതിയിട്ട രണ്ട് യുവാക്കൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ്. ജോർജ്ജിയയിലെ ബ്രയാൻ കൌണ്ടിയിലെ റിച്ച്മൌണ്ടി ഹില്ലിലെ വീടാണ് രണ്ട് യുവക്കൾ ചേർന്ന് ബോംബ് വച്ച് തകർത്തത്. ഓൺലൈനിലൂടെ വാങ്ങിയ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ഇവർ സ്ഫോടനം നടത്തിയത്. 2023 ജനുവരി 13നാണാ ആക്രമണം നടന്നത്. 37കാരനായ സ്റ്റീഫൻ ഗ്ലോസർ, 34കാരനായ കലീബ് കിൻസീ എന്നിവർക്കെതിരെയാണ് പൊലീസ് ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുള്ളത്.
യുവതിയുടെ വീടിന്റെ മുൻവാതിലിലേക്ക് അമ്പുകൾ എയ്യാനും നായയുടെ വിസർജ്ജ്യവും ചത്ത എലികളേയും കത്തിലൂടെ അയയ്ക്കാനും പദ്ധതി ഇട്ടതിനും പിന്നാലെയായിരുന്നു ബോംബ് ആക്രമണം. ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട സ്ത്രീയെ അപമാനിക്കാനും ആക്ഷേപിക്കാനും പരിക്കേൽപ്പിക്കാനും കൊല്ലാനും ലക്ഷ്യമിട്ടുള്ളതായിരുന്നു യുവാക്കളുടെ നടപടികളെന്നാണ് തെക്കൻ ജോർജ്ജിയയിലെ യുഎസ് അറ്റോർണി കഴിഞ്ഞ ദിവസം വ്യക്തമാക്കീത്. സ്ഫോടക വസ്തു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥരാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. എന്നാൽ യുവതിയെ ഇത്തരത്തിൽ ആക്രമിക്കാനുള്ള യുവാക്കളുടം പ്രകോപന കാരണമെന്താണ് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. 2022 ഡിസംബർ മുതൽ 2023 ജനുവരി വരെ യുവതിയെ തുടർച്ചയായി നിരീക്ഷിച്ച ശേഷമാണ് യുവാക്കൾ ആക്രമണം ആരംഭിച്ചത്. ഡേറ്റിംഗ് ആപ്പിൽ യുവതി നൽകിയ ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു യുവതിയുടെ വീട് യുവാക്കൾ കണ്ടെത്തിയത്. യുവതിയുടെ മകളെ പാമ്പിനെ ഉപയോഗിച്ച് അപായപ്പെടുത്താനും യുവാക്കൾ പദ്ധതി തയ്യാറാക്കിയിരുന്നു.
സാവന്നയിൽ നിന്ന് 20 മൈൽ അകലെയുള്ള യുവതിയുടെ വീട്ടിൽ 2023 ജനുവരി 13നാണ് സ്ഫോടനമുണ്ടായത്. വീടിന് സാരമായി കേടുപാട് സംഭവിക്കുകയും ഗാരേജ് പൂർണമായി സ്ഫോടനത്തിൽ തകരുകയും ചെയ്തിരുന്നു. എന്നാൽ യുവതിക്കോ മക്കൾക്കോ സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റിരുന്നില്ല. സ്ഫോടക വസ്തു വിഭാഗം നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിൽ ഫെബ്രുവരിയിലാണ് യുവാക്കൾ അറസ്റ്റിലായത്. ഗൂഡാലോചന ചുമത്തിയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. എന്നാൽ അന്വേഷണത്തിന് പിന്നാലെ യുവാക്കൾക്ക് നേരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്താൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് യുവാക്കൾക്ക് നേരെ ചുമത്തിയിട്ടുള്ളത്.