കൊച്ചി : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളില്‍ രണ്ടുമണിക്കൂറിലധികം തുടര്‍ച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപകടകരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, മാളുകള്‍ക്കടക്കം ഇളവ് നല്കിയ ശേഷം തിയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്. ഞായറാഴ്ചകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്.
50 ശതമാനം സീറ്റുകളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നിലവിലെ സാഹചര്യം തീയേറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചിടുന്നതിനെതിരെ ഫിയോക് സമര്‍പ്പിച്ച പരിഗണിക്കവേ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. തിയേറ്ററുകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശം പഠനമില്ലാതെയെന്ന് ഫിയോക് കുറ്റപ്പെടുത്തിയപ്പോള്‍ വിദഗ്ധ സമതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ വാദിച്ചു.