കൊച്ചി: തിയറ്റർ വ്യവസായത്തെ തകർക്കുന്ന ചലച്ചിത്ര നിർമാതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 23 മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ് നിർത്തിവെക്കുമെന്ന് തിയറ്റർ ഉടമകൾ. നവീകരിക്കുന്ന തിയറ്ററുകൾ തങ്ങൾ പറയുന്ന പ്രൊജക്ടർ സ്ഥാപിക്കണമെന്ന നിർമാതാക്കളുടെ കടുംപിടിത്തത്തിലും ഒ.ടി.ടി പ്രദർശനം സംബന്ധിച്ച ധാരണ ലംഘിക്കുന്നതിലും പ്രതിഷേധിച്ചാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്)യുടെ തീരുമാനം.
തങ്ങൾ നിർദേശിക്കുന്ന പ്രൊജക്ടർ വേണമെന്ന ശാഠ്യം നിലനിൽപിന് ഭീഷണി നേരിടുന്ന തിയറ്ററുകൾക്ക് വൻ സാമ്പത്തികബാധ്യത അടിച്ചേൽപിക്കുന്നതാണെന്ന് ഫിയോക് പ്രസിഡന്‍റ് കെ. വിജയകുമാർ പറഞ്ഞു.അരക്കോടി രൂപയാണ് ഇതിന് അധികം ചെലവാക്കേണ്ടത്. 42 ദിവസത്തിനുശേഷമേ ചിത്രങ്ങൾ ഒ.ടി.ടിക്ക് നൽകൂ എന്നായിരുന്നു ധാരണ. ഇത് ലംഘിച്ച് 30 ദിവസംപോലും തികയുംമുമ്പ് ഒ.ടി.ടിക്ക് നൽകുകയാണ്. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തില്‍നിന്ന് 55 ശതമാനമായി കുറക്കണമെന്നും ഫിയോക് ആവശ്യപ്പെടുന്നു. വിഷയം ചർച്ച ചെയ്യാൻ ഫിലിം ചേംബർ 28ന് യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും.