പനാജി: ഒരു കോൺഫറൻസിനിടെ ഉരുളക്കിഴങ്ങ് ചിപ്‌സ്, ചോക്ലേറ്റ്, പേന തുടങ്ങിയ സാധനങ്ങൾ മോഷ്ടിച്ച രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് ആശ്വാസമായി ബോംബെ ഹൈകോടതി. മോഷണത്തെ തുടർന്ന് കോളേജ് കർശന നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികളോട് രണ്ട് മാസത്തേക്ക് ദിവസവും രണ്ട് മണിക്കൂർ സാമൂഹിക സേവനം ചെയ്യാൻ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നിർദേശിച്ചത്.
സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്ന് വിദ്യാർഥികളെ വിലക്കാനുള്ള ഗോവ കാമ്പസിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (ബിറ്റ്‌സ്) പിലാനിയുടെ തീരുമാനം ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് എം.എസ്. സോനക് എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. പകരം ഇരുവരും രണ്ട് മാസത്തേക്ക് ഗോവയിലെ ഒരു വൃദ്ധസദനത്തിൽ ദിവസവും രണ്ട് മണിക്കൂർ കമ്മ്യൂണിറ്റി സേവനം ചെയ്യാൻ ബെഞ്ച് നിർദേശിച്ചു.
കോളേജ് കാമ്പസിൽ നടന്ന കോൺഫറൻസിനിടെ രണ്ട് ഹരജിക്കാരുൾപ്പെടെ അഞ്ച് വിദ്യാർഥികൾ ഉരുളക്കിഴങ്ങ് ചിപ്‌സ്, ചോക്ലേറ്റ്, സാനിറ്റൈസർ, പേന, നോട്ട്പാഡുകൾ, സെൽഫോൺ സ്റ്റാൻഡുകൾ, രണ്ട് ഡെസ്ക് ലാമ്പുകൾ, മൂന്ന് ബ്ലൂടൂത്ത് സ്പീക്കറുകൾ എന്നിവ മോഷ്ടിച്ചതായി കോളേജ് അധികൃതർ പരാതി നൽകിയിരുന്നു. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിദ്യാർഥികൾ സാധനങ്ങൾ തിരികെ നൽകുകയും അവരുടെ പെരുമാറ്റത്തിന് രേഖാമൂലം ക്ഷമ ചോദിക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റാൻഡിംഗ് പാനൽ അഞ്ച് വിദ്യാർഥികളെയും മൂന്ന് സെമസ്റ്ററുകളിലേക്ക് രജിസ്ട്രേഷനിൽ നിന്ന് ഡിബാർ ചെയ്യുകയും ഓരോരുത്തർക്കും 50,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. തുടർന്നാണ് വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചത്.