തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി നൽകി മോഷണത്തിന് ശ്രമിച്ചത് അന്തർ സംസ്ഥാന മോഷണ സംഘമെന്ന് പോലീസ്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയ ജനക് ഷായ്ക്ക് ഉത്തർപ്രദേശിൽ സമാനമായ നിരവധിക്കേസുകളുണ്ട്. ഇതിനിടെ, കസ്റ്റഡിയിൽ വെച്ച് രാംകുമാർ എന്ന പ്രതി മരിച്ചതിനെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വർക്കല അയിരൂരിൽ മൂന്നു സ്ത്രീകള്‍ക്ക് ഭക്ഷണത്തിൽ ലഹരിവസ്തു കലർത്ത നൽകിയാണ് വീട്ടിൽ ജോലിക്കു നിന്ന സ്ത്രീ മോഷണം ആസൂത്രണം ചെയ്തത്. വീട്ടുകാർ മയങ്ങിയപ്പോള്‍ മറ്റ് നേപ്പാള്‍ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലുള്ളവരെ ബന്ധു വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതേ തുടർന്നാണ് നാട്ടുകാരെ വിവരം അറിയിച്ചു.
അയൽവാസികളെത്തിയിപ്പോഴാണ് മോഷ്ടാക്കള്‍ ഇറങ്ങിയോടിയത്. ഇതിൽ രണ്ടു പേരെ നാട്ടുകാരാണ് പിടികൂടി അയിരൂർ പോലീസിന് കൈമാറിയത്. മതിൽ ചാടുന്നതിനിടെ പരിക്കേറ്റ ജനക് ഷാ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും നിരവധി മോഷണം നടത്തിയിട്ടുണ്ട്. നാട്ടുകാർ പിടികൂടിയ രാം കുമാർ ഇന്നലെ കോടതിയിൽ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പോലീസ് തേടുകയാണ്. നേപ്പാളിലെയും ഇന്ത്യയിലെയും മൂന്ന് തിരിച്ചറിൽ കാർഡുകള്‍ ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ആർഡിഒയുടെ നേതൃത്വത്തിലുള്ള ഇൻക്വസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല.