ആലക്കോട്: കണ്ണൂർ ആലക്കോട് കോടോപള്ളിയിൽ നാടിനെ ഭീതിയിലാഴ്ത്തി വീണ്ടും മോഷണ സംഘമെത്തി. ആള്‍ത്താമസമില്ലാത്ത വീടുകളാണ് ആയുധങ്ങളുമായി മോഷണ സംഘം കുത്തിത്തുറക്കുന്നത്. കഴിഞ്ഞദിവസം ഇവരുടെ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. മോഷണ സംഘത്തെ പേടിച്ച് വീട് പൂട്ടി പുറത്ത് പോകാനാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.
മുഖം മൂടി ധരിച്ച മൂന്നംഗ സംഘം പ്രദേശത്തുള്ള കോടോപ്പള്ളി സണ്ണിയുടെയും മാത്യുവിന്റെയും വീടുകള്‍ കുത്തിപൊളിച്ച് മണിക്കൂറുകള്‍ക്കകമാണ് വീണ്ടും മോഷണത്തിന് എത്തിയത്. മാത്യുവിന്റെ വീട്ടിലെത്തിയ കവർച്ചാ സംഘം ഇവിടെ സിസിടിവി ശ്രദ്ധയിൽ പെട്ടതിനാൽ ഉടൻ പിൻമാറി. ഇന്നലെയെത്തിയത് പാണാട്ടിൽ സുരേഷിന്റെ വീട്ടിലാണ്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത് കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേർ എത്തിത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സുരേഷും കുടുംബവും വിദേശത്താണ്. ഇത് മനസിലാക്കിയാണ് മോഷ്ടാക്കള്‍ മോഷണത്തിനെത്തിയത്. വീടിന്‍റെ പുറകുവശത്തെ പൂട്ടു പൊളിച്ചാണ് സംഘം അകത്തു കടന്നത്. പിന്നാലെ വീട്ടിലെ ചിരവ ഉപയോഗിച്ച് അലമാരകളുടെ ലോക്കുകള്‍ തകർത്തു.എന്നാൽ വീട്ടിൽ വിലപിടിപ്പുളളതൊന്നുമില്ലാത്തതിനാൽ കവർച്ച നടന്നില്ല. അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സുരേഷിന്റെ അച്ഛൻ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി കാണുന്നത്.
മാരകായുധങ്ങളുമായി എത്തുന്ന സംഘത്തിൻ്റെ ദൃശ്യം കഴിഞ്ഞ ദിവസം മാത്യവിന്റെ വീട്ടിലെ ക്യാമറയിലാണ് പതിഞ്ഞത്. മോഷണശ്രമം തുടർക്കഥയായതോടെ പ്രദേശത്ത് ആലക്കാട് പോലീസും നിരീക്ഷണം ശക്തമാക്കി. മോഷ്ടാക്കളെ പിടികൂടാനുളള തീവ്രശ്രമത്തിലാണ് പൊലീസ്. ആയുധങ്ങളുമായെത്തുന്ന മോഷണ സംഘം ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സിസിടിവി കേന്ദ്രീകരിച്ച് പ്രദേശത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.