ഹരിപ്പാട്: കരുവാറ്റയിൽ വ്യാപകമായ മോഷണം. ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷൻ സമീപമുള്ള ക്ഷേത്രത്തിലും ഒൻപത് വ്യാപാര സ്ഥാപനങ്ങളിലും ഒരേ സമയം മോഷ്ടാക്കൾ അരിച്ചുപെറുക്കി. മെഡിക്കൽ ഷോപ്പ്, ചിപ്സ് കട, രണ്ട് ബേക്കറികൾ, റേഷൻ കട, പലചരക്ക് കട, ഹോട്ടൽ, ചെരുപ്പ് കട, ബാർബർ ഷോപ്പ്, വലിയ മൂഴങ്കൽ ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രിയിൽ മോഷണം നടന്നത്. ക്ഷേത്രത്തിൻ്റെ വലിയ മതിൽക്കെട്ട് ചാടി ഇറങ്ങി തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന കാണിയ്ക്ക വഞ്ചിയുടെ പൂട്ട് പൊളിച്ച് പണം അപഹരിച്ചു. ഏകദേശം ആറായിരത്തോളും രൂപ ഉണ്ടാകാമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ഇവിടെ നിന്നും ഒരു വെട്ടുകത്തി കണ്ടെടുത്തിട്ടുണ്ട്. ചില കടകളിലെ ഷട്ടറുകളുടെ താഴ് പൊളിച്ചാണ് മോഷണം നടത്തിയത്.കടകളിൽ നിന്നും പണവും മറ്റ് സാധനങ്ങളും അപഹരിച്ചിട്ടുണ്ട്. എല്ലാവരും ചെറുകിട കച്ചവടക്കാരാണ്. ഒമ്പത് കടകളിലും ഒരു ക്ഷേത്രത്തിലും ഒരേ സമയം മോഷണം നടത്തണമെങ്കിൽ മോഷ്ടാക്കളുടെ ഒരു സംഘം ഇതിന് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ദേശീയ പാതയിൽ നിന്ന് അൽപ്പം ഉള്ളിലേക്ക് കയറിയാണ് വഴിയമ്പലം ജംഗ്ഷൻ. ഇവിടെ രാത്രിയിൽ 11 മണിക്ക് ശേഷം ആൾ സഞ്ചാരവും വാഹന ഗതാഗതവും കുറവാണ്. ഇക്കാരണത്താലാകാം മോഷ്ടാക്കൾ ഈ പ്രദേശം തെരഞ്ഞെടുത്തതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാളവിദഗ്ധർ തെളിവുകൾ ശേഖരിച്ചു. മോഷ്ടാക്കൾക്ക് വേണ്ടി പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.