പാചക എണ്ണ മോഷ്ടിച്ചതിന് 11 പേര്‍ അറസ്റ്റിലായി. പത്ത് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് പാചക എണ്ണ മോഷ്ടിച്ചതിന് പിന്നാലെ അറസ്റ്റിലായത്. ദക്ഷിണാഫ്രിക്കയിലെ ബോക്സ്ബര്‍ഗില്‍ ബുധനാഴ്ചയാണ് നിരവധിപ്പേരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പാചക എണ്ണ മോഷ്ടിച്ചത്. 1.5 ദശലക്ഷം രൂപ വിലമതിക്കുന്ന പാചക എണ്ണയാണ് വെയര്‍ ഹൌസില്‍ നിന്ന് മോഷ്ടിച്ചത്. ആയുധധാരികളായ എട്ട് പേരാണ് എണ്ണ കമ്പനിയുടെ വെയര്‍ഹൌസിലേക്ക് ഇരച്ചുകയറിയത്.
സ്ഥാപനത്തിലെ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷം വെയര്‍ ഹൌസില്‍ സൂക്ഷിച്ചിരുന്ന എണ്ണ ബാരലുകള്‍ ട്രെക്കില്‍ ശേഖരിച്ചുകൊണ്ട് പോവുകയായിരുന്നു. മൂന്ന് ട്രെക്കുകളിലായാണ് എണ്ണ കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെക്കുകളിലൊന്ന് വന്ദേര്‍ബിജില്‍ പാര്‍ക്കിലേക്ക് കൊണ്ടുപോവുന്നതായി ഹൈവേ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇവിടേക്ക് എത്തിയ പൊലീസ് ട്രെക്കില്‍ നിന്ന് എണ്ണ ബാരലുകള്‍ ഇറക്കുന്നതിനിടയിലാണ് മോഷ്ടാക്കളെ പിടികൂടിയത്.
27നും 37നും ഇടയില്‍ പ്രായമുള്ളവരാണ് മോഷ്ടാക്കളെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ മോഷണത്തിനും മോഷ്ടിച്ച വസ്തു സൂക്ഷിച്ചതിനുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയില്‍ എടുത്തവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ വില്ലോടണ്‍ ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിലൊന്നിലാണ് വന്‍ മോഷണം നടന്നത്. ഒരു ട്രെക്ക് മാത്രമാണ് പൊലീസിന് കണ്ടെത്താനായിട്ടുള്ളത്. ശേഷിച്ചവയ്ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മറ്റൊരു വ്യാപാര സ്ഥാപനത്തിന്‍റെ വന്ദേര്‍ബിജില്‍ പാര്‍ക്കിലെ സംഭരണശാല പരിസരത്ത് നിന്നുമാണ് പൊലീസ് ട്രക്ക് കണ്ടെത്തിയത്. എന്നാല്‍ ഈ വ്യാപാര സ്ഥാപനത്തിന്‍റെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊള്ളയുമായി സ്ഥാപനത്തിന് ബന്ധമുണ്ടോയെന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നത്. അറസ്റ്റിലായവര്‍ തന്നെയാണോ മോഷ്ടാക്കളെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അറസ്റ്റിലായവരില്‍ ഒരാള്‍ തന്നെയാണ് വില്ലോടണ്‍ ഗ്രൂപ്പിന്‍റെ ഗോഡൌണില്‍ നിന്ന് ട്രെക്ക് ഓടിച്ച് കൊണ്ട് പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.