തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽനിന്ന് സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ ജോലിക്കാരിയായ അമ്മയും, മകനും അറസ്റ്റിൽ. കൊല്ലം സ്വദേശി നുഫൈസ ബീവി, മകന്‍ അന്‍വര്‍ എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. അര ലക്ഷം രൂപയും 11 പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്.
വര്‍ക്കല കാറാത്തലയിലെ വീട്ടില്‍ 85 കാരിയായ സുബൈദബീവിയും വീട്ടുജോലിക്കാരിയും മാത്രമാണ് താമസിക്കുന്നത്. ഏപ്രില്‍ 24 ന് രാത്രിയായിരുന്നു ഈ വീട്ടില്‍ മോഷണം നടന്നത്. ജനൽ കമ്പി അറുത്തു മാറ്റിയ നിലയിലായിരുന്നു. വീട്ടിനകത്ത് റൂമിന്റെ ചുവരിൽ പിടിപ്പിച്ചിരുന്ന വിൻഡോ എ.സി വലിച്ചിളക്കി താഴെയിട്ടിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 11 പവന്‍ സ്വര്‍ണാഭരവും, അരലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷണ വിവരം സുബൈദ ബീവി, വീട്ടുജോലിക്കാരിയുടെ സഹായത്തോടെ പൊലിസിനെ അറിയിച്ചു.
വിശദമായ പരിശോധനയ്ക്ക് ശേഷം പൊലിസ് വീട്ടുജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി തിരിച്ചു പോയി. ജോലിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് അവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവരുന്നത്. വീട്ടുജോലിക്കാരി നുഫൈസ ബീവിയാണ്, മകന്‍ അന്‍വറിന് മോഷണത്തിന് വഴിയൊരുക്കിയത്. കവർച്ച ആസൂത്രണം ചെയ്ത രാത്രി പത്തുമണിയോടെ മകനെ വിളിച്ചു വരുത്തി വീട്ടിനുള്ളിൽ ഒളിപ്പിച്ചു.
ശേഷം അര്‍ധരാത്രി താക്കോലുകൾ ഉപയോഗിച്ച് മുറി തുറന്നു. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര തുറന്ന് ആഭരണങ്ങളും പണവും കവര്‍ന്നു. മോഷണം നടത്തിയ ശേഷം വാതില്‍ തുറക്കാതെ വീട്ടിനുള്ളിലെ ഇരുന്ന് ജനൽ കമ്പി മുറിച്ചും വിൻഡോ എ.സി ഇളക്കി മാറ്റിയും വഴിയൊരുക്കി പുറത്തെത്തി. കുറച്ച് പണവും സ്വര്‍ണവുമായി അൻവർ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. ബാക്കിവരുന്ന മോഷണ മുതലുകള്‍ വീടിന്‍റെ അടുക്കള ഭാഗത്തും ഒളിപ്പിച്ചു വെച്ചു.
ഒളിപ്പിച്ചു വെച്ച തൊണ്ടി സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. മോഷണത്തിന് സഹായിച്ച മകനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ചെന്നൈയിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അമ്മയെ ഫോണിൽ കിട്ടാതായതോടെ മകൻ തിരികെ നാട്ടിലെത്തിയതും വർക്കല റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസിന്റെ പിടിയിലായതും.