കാസര്‍കോട്: അടച്ചിട്ട വീടുകളില്‍ മോഷണം നടത്തിയ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മംഗളൂരുവില്‍ അറസ്റ്റിൽ. ഇവരില്‍ നിന്ന് പന്ത്രണ്ടര ലക്ഷത്തിന്‍റെ കവര്‍ച്ചാ മുതലുകള്‍ കണ്ടെടുത്തു. പൂട്ടി കിടക്കുന്ന വീടുകളില്‍ മോഷണം പതിവാക്കിയ അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. നാല് പേരെ മംഗളൂരുവില്‍ നിന്നും ഒരാളെ കാസര്‍കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സ്വദേശി മുഹമ്മദ് സിയാബ്, കര്‍ണാടക ബജ്പെ സ്വദേശികളായ സഫ്‍വാന്‍, മുഹമ്മദ് ജംഷീര്‍, മുഹമ്മദ് അര്‍ഫാസ് എന്നിവരെ കൊണാജെ പൊലീസാണ് പിടികൂടിയത്.
കൂട്ടുപ്രതി കാസര്‍കോട് സ്വദേശി അഷ്റഫ് അലിയെ കുമ്പള പൊലീസും അറസ്റ്റ് ചെയ്തു. കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂട്ടിക്കിടന്ന മൂന്ന് വീടുകളില്‍ നടന്ന മോഷണം പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. സംശയം തോന്നി ഇവര്‍ സഞ്ചരിച്ച കാര്‍ പരിശോധിക്കുകയായിരുന്നു. ഇവരില്‍ നിന്ന് സ്വര്‍ണ്ണം, വിലകൂടിയ വാച്ചുകള്‍ ഉള്‍പ്പടെ പന്ത്രണ്ടര ലക്ഷം രൂപയുടെ തൊണ്ടി മുതലുകള്‍ കണ്ടെടുത്തു. കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി.
കാസര്‍കോട് സ്വദേശിയായ അഷ്റഫ് അലിയാണ് സംഘത്തിന് മോഷണത്തിനായി കാറുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നത്. മുഹമ്മദ് സിയാബിനെതിരെ ഉള്ളാള്‍, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയ കേസുകളുണ്ട്. കര്‍ണാടക സ്വദേശികളായ മറ്റ് സംഘാഗങ്ങള്‍ക്കെതിരേയും ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസന്‍ എന്നിവിടങ്ങളില്‍ വിവിധ കേസുകളുണ്ട്.