മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനും ലാത്തൂർ എം.എൽ.എയുമായ അമിത് ദേശ്മുഖ് കോൺഗ്രസ് വിടുമെന്ന് അഭ്യൂഹം. ഞായറാഴ്ച ലാത്തൂരിൽ ദേശ്മുഖിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ സംസാരിക്കവേ അമിതിന്റെ അനുജനും ബോളിവുഡ് നടനുമായ റിതേഷ് ദേശ്മുഖ് നടത്തിയ പരാമർശമാണ് അഭ്യൂഹത്തിന് കാരണമായത്. ഉറച്ച തീരുമാനമെടുക്കേണ്ട സമയമായെന്നും ലാത്തൂരിലെ ജനങ്ങളും മഹാരാഷ്ട്രയും അമിതിൽ പ്രതീക്ഷ പുലർത്തുന്നതായും റിതേഷ് ദേശ്മുഖ് പറഞ്ഞു. ഇതോടെയാണ് അഭ്യൂഹത്തിന് തുടക്കം. അതേസമയം പാർട്ടി വിടില്ലെന്ന് അമിത് ദേശ്മുഖ് അവകാശപ്പെട്ടു.
കോൺഗ്രസിലെ മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ, മുൻ മഹാരാഷ്ട്ര സഹമന്ത്രി സാബു സിദ്ദീഖി എന്നിവർ പാർട്ടി വിട്ടതിന് പിന്നാലെയാണ് അമിത് ദേശ്മുഖിനെ കുറിച്ചുള്ള അഭ്യൂഹം പ്രചരിക്കുന്നത്. പത്തിലേറെ കോൺഗ്രസ് എം.എൽ.എമാർ അശോക് ചവാനെ പിൻപറ്റി ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹവും നിലനിൽക്കുന്നു. കഴിഞ്ഞദിവസം മഹാരാഷ്ട്ര കോൺഗ്രസ് നടത്തിയ ചിന്തൻ ശിബിരിൽ പങ്കെടുക്കാതെ 10 എം.എൽ.എമാർ വിട്ടുനിന്നിരുന്നു.