ബംഗളൂരു: 72 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ അർജുന്റെ ലോറി കരയ്ക്ക് കയറ്റുന്നതിനുള്ള ശ്രമം ഇന്ന് തുടരും. മൃതദേഹ ഭാഗം ഇപ്പോൾ കാർവാർ ആശുപത്രിയിലാണ് ഉള്ളത്. എല്ലിന്റെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയക്കും. ഡിഎൻഎ സാമ്പിൾ ക്രോസ് മാച്ച് ചെയ്ത് പരിശോധിക്കും. രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹ ഭാഗങ്ങൾ കുടുംബത്തിന് വിട്ടു നൽകും. സംസ്കാര ചടങ്ങുകൾക്കായി ഇത് കോഴിക്കോട്ടേക്ക് എത്തിക്കുന്നതിനുള്ള ചെലവുകളെല്ലാം സംസ്ഥാന സർക്കാർ വഹിക്കും. ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച ശേഷം മന്ത്രി എ കെ ശശീന്ദ്രൻ കർവാർ എംഎൽഎയെ അടക്കം അറിയിച്ചിട്ടുണ്ട്.
ലോറി ഇപ്പോഴും പകുതി വെള്ളത്തിലായി കിടക്കുകയാണ്. ലോറി പൂർണ രൂപത്തിൽ തന്നെയാണ് ഉള്ളതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. ക്യാബിനുള്ളിൽ നിന്ന് കൂടുതൽ മൃതദേഹ ഭാഗം കിട്ടുമോയെന്നുള്ള കാര്യം ഇന്ന് പരിശോധിക്കും. അർജുന്റെ എന്തെങ്കിലും സാധനങ്ങൾ ക്യാബിനുള്ളിൽ ഉണ്ടോ എന്നുള്ള കാര്യവും പരിശോധിക്കും. 48 ടൺ ഭാരം താങ്ങുന്ന ക്രെയിൻ എത്തിച്ചിട്ടും ലോറി മുകളിലേക്ക് ഉയർത്താൻ സാധിച്ചിട്ടില്ല. വടം കെട്ടി വലിക്കുമ്പോൾ രണ്ട് തവണയാണ് ഇന്നലെ പൊട്ടിപ്പോയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അർജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്.