ഈന്തപ്പഴം പ്രിയരാകും നമ്മളിൽ പലരും. ഈന്തപ്പഴം ഏറ്റവും പ്രചാരമുള്ള ഡ്രൈ ഫ്രൂട്ട്‌സുകളിൽ ഒന്നാണ്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഈന്തപ്പഴം ചേർക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. നാരുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ സി, ബി-വിറ്റാമിനുകൾ പോലുള്ളവ), ധാതുക്കൾ (പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം പോലുള്ളവ), ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. ഈന്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സ്വാഭാവിക ഉറവിടമാണ്. ഈന്തപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനത്തെ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ സഹായിക്കും.
ഈന്തപ്പഴത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അവ എല്ലുകളുടെ ബലത്തിന് അത്യന്താപേക്ഷിതമാണ്. സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളെ തടയാനും അസ്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് അനുഭവിക്കുന്ന ആളുകൾക്ക് കഴിക്കാവുന്ന ഒരു മികച്ച ഡ്രെെഫൂട്ടാണിത്. ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഹൈപ്പർടെൻഷൻ തടയാനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഈന്തപ്പഴത്തിലെ നാരുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.