തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവ അവധി പ്രഖ്യാപിച്ച സർക്കാരിന്റെ നടപടി ചർച്ചയായിരിക്കുകയാണ്. സർക്കാർ നീക്കത്തെ പ്രശംസിച്ച് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചർച്ചകളുയരുന്നുണ്ട്. കോളേജ് വിദ്യാർത്ഥികൾക്കു മാത്രമല്ല സ്കൂൾ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കുമെല്ലാം ഈ അവധി പ്രാപ്യമാക്കണമെന്ന വാദവും ഉയരുന്നുണ്ട്. ഇതിനിടെയാണ് 31 വർഷം മുമ്പേ ആർത്തവ അവധി പ്രഖ്യാപിച്ച ബിഹാർ വീണ്ടും വാർത്തകളിൽ നിറയുന്നത്. 1992ൽ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥകളായവർക്ക് ആർത്തവ അവധി നൽകി ഉത്തരവായത്.
1991ന്റെ അവസാനം ശമ്പള വർധിപ്പിക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബിഹാറിലെ ആറുലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ സമരം ആരംഭിച്ചിരുന്നു. ഇവരിൽ 10 ശതമാനം സ്ത്രീകളായിരുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യണമെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്താൻ നേതാക്കൾക്ക് നല്ലപോലെ പരിശ്രമിക്കേണ്ടി വന്നു. സർക്കാർ ജീവനക്കാർക്കൊപ്പം വിദ്യാർഥികളും അധ്യാപകരും ഗ്രാമീണമേഖലയിൽ നിന്നുള്ള സ്ത്രീകളുമെല്ലാം സമരത്തിന്റെ ഭാഗമായി. സമരം രണ്ടരമാസം നീണ്ടു. പ്രധാന ആവശ്യങ്ങളിലൊന്നായി വനിതാ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകൾ ആർത്തവ അവധി ഉയർത്തിക്കാട്ടി. മൂന്ന് ദിവസം അവധി നൽകണമെന്നായിരുന്നു ആവശ്യം. സ്ത്രീ ജീവനക്കാരുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ഉറപ്പ് നൽകി. പിന്നാലെ രണ്ടു ദിവസം തുടർച്ചയായ അവധി സ്ത്രീകൾക്ക് നൽകാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകുകയായിരുന്നു. 45 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്കാണ് രണ്ടുദിവസത്തെ ആർത്തവ അവധി അനുവദിച്ചിട്ടുള്ളത്. 1992 ജനുവരി രണ്ടിനാണ് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തുവന്നത്.
സമരവും അവകാശം നേടിയെടുക്കലും എളുപ്പമായിരുന്നില്ലെന്ന് നേതൃനിരയിൽ നിന്ന സ്ത്രീകൾ പിന്നീട് പറഞ്ഞിട്ടുണ്ട്. അവരിലൊരാളായിരുന്നു പട്ന സർവ്വകലാശാല ചരിത്ര വിഭാഗം മേധാവിയായിരുന്ന ഭാരതി എസ് കുമാർ. “ഇത് ഞങ്ങൾക്ക് അത്ര എളുപ്പമായിരുന്നില്ല. ഏറെക്കാലം പ്രതിഷേധിക്കേണ്ടിവന്നു. രണ്ട്മൂന്ന് മാസത്തോളം പ്രതിഷേധം തുടർന്നു. സ്ത്രീകളുടെ അവകാശങ്ങളെ അത്രയധികം അനുകൂലിക്കാത്ത ഒരാളാണ് ലാലു പ്രസാദ് യാദവ്. അദ്ദേഹത്തിൽ നിന്ന് തന്നെ ഞങ്ങളത് തട്ടിയെടുക്കുകയായിരുന്ന് എന്ന് വേണമെങ്കിൽ പറയാം”. ഭാരതി എസ് കുമാർ പിന്നീട് പറഞ്ഞിട്ടുണ്ട്.
പോരാട്ടത്തിനിറങ്ങിയ സ്ത്രീകൾക്ക് വീട്ടിലെ പുരുഷന്മാരിൽ നിന്ന് തന്നെ എതിർപ്പ് നേരിടേണ്ടി വന്ന കഥയുമുണ്ട്. അഖിലേന്ത്യാ പുരോഗമന വനിതാ സഖ്യം ജനറൽ സെക്രട്ടറി മീനാ തിവാരി ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. “ഈ പ്രതിഷേധങ്ങൾക്കിടയിൽ പലപ്പോഴും
സ്ത്രീകളോട് വീട്ടിലെ പുരുഷന്മാർ പറഞ്ഞത് അവർ പ്രതിഷേധത്തിന് പോകേണ്ടതില്ലെന്നാണ്. പുരുഷന്മാർ അവരുടെ പേരിൽ പ്രതിഷേധിക്കുമെന്നും അതിനാൽ സ്ത്രീകൾക്ക് വീട് നോക്കാമെന്നും അവർ പറഞ്ഞു. പിന്നെ, ഞങ്ങളുടെ മീറ്റിംഗുകളിൽ ഈ സ്ത്രീകളെ ബോധ്യപ്പെടുത്തേണ്ടി വന്നു, അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ, അവരും യുദ്ധം ചെയ്യേണ്ടിവരുമെന്ന്. യുദ്ധം ചെയ്യാതെ നിങ്ങൾക്ക് വിജയിക്കാനാവില്ലെന്ന്. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ, നിങ്ങൾ അതിനായി പോരാടേണ്ടതുണ്ടെന്ന്. അതിനാൽ, നിങ്ങൾ പ്രതിഷേധത്തിൽ തുല്യമായി പങ്കെടുക്കണമെന്ന്”. മീനാ തിവാരി പറഞ്ഞു.