തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിലെ ആദ്യ ബാച്ച് വിജയികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തു. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്തായിരുന്നു ചടങ്ങ്. കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചവർക്ക് ഇനി മറ്റൊരു പരിശീലനത്തിന്‍റെ ആവശ്യമില്ലാതെ തന്നെ ആത്മവിശ്വാസത്തോടെ സ്വയം വണ്ടിയോടിച്ച് പോവാൻ കഴിയുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കൃത്യമായി പഠിപ്പിച്ചാൽ കൃത്യമായി വണ്ടിയോടിക്കും എന്ന് കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂൾ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
“അന്ന് ഞാൻ പറഞ്ഞൊരു വാക്കുണ്ട്. കെഎസ്ആർടിസി ഡ്രൈവിംഗ് പഠിപ്പിക്കും. ഓരോ ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്നവർ സ്വന്തമായി വണ്ടിയോടിച്ച് പുറത്തു പോകും. നമ്മുടെ നാട്ടിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. അഡിഷണൽ സെക്രട്ടറി സംസാരിച്ചപ്പോൾ പറഞ്ഞത് 2009ൽ ലൈസൻസ് എടുത്തിട്ടും വണ്ടിയോടിക്കാൻ ആത്മവിശ്വാസം ഇല്ലായിരുന്നു എന്നാണ്. എന്നാൽ കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിൽ പരിശീലനം നേടിയവർ ലൈസൻസ് കിട്ടിയതോടെ തനിച്ച് ബസ് ഓടിച്ചും കാറോടിച്ചും ബൈക്ക് ഓടിച്ചും വളരെ ആത്മവിശ്വാസത്തോടെയാണ് പുറത്തേക്ക് ഇറങ്ങുന്നത്. സാധാരണ ഡ്രൈവിംഗ് പഠിച്ചാൽ കൈ തെളിയാൻ വേറെ പരിശീലനം വേണം. എന്നാൽ കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചവർക്ക് അതിന്‍റെ ആവശ്യം വരുന്നില്ല. കൃത്യമായി പഠിപ്പിച്ചാൽ കൃത്യമായി വണ്ടിയോടിക്കും എന്ന് കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂൾ തെളിയിച്ചു. 40 പേർ പരിശീലനം നേടിയതിൽ 36 പേർ ടെസ്റ്റ് പാസ്സായി ലൈസൻസ് നേടി. വളരെ സ്മൂത്തായി അവർ വണ്ടിയോടിച്ച് പോവുന്നത് എല്ലാവരും കണ്ടില്ലേ. സന്തോഷമുള്ള കാര്യമാണ്. ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു”- ഗണേഷ് കുമാർ പറഞ്ഞു.
പൊതുജനങ്ങൾക്കും കെഎസ്ആർടിസി ജീവനക്കാർക്കും ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ജൂൺ 26 നാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിലെ ആദ്യ ബാച്ചാണ് പഠനം പൂർത്തിയാക്കി ലൈസൻസ് നേടി പുറത്തിറങ്ങിയിരിക്കുന്നത്.