തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി. ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന. 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. ഇതോടെ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് അയച്ച കത്തിന്റെ ഉള്ളടക്കവും റിപ്പോർട്ടറിന് ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒക്ടോബർ അവസാന ആഴ്ചയിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനിട്ട്സ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്. അങ്ങനെയെങ്കിൽ പലിശയുൾപ്പെടെ 10,000 കോടി രൂപയോളം സർക്കാരിന് തിരിച്ചടക്കേണ്ടിവരും.