ബെംഗളൂരു: നെറ്റിയിൽ സിന്ദൂരമണിയാത്തതിന് വനിതാ ദിനത്തിൽ യുവതിക്ക് നേരെ തട്ടിക്കയറി ബിജെപി എംപി. കോലാറിൽ നിന്നുള്ള ബിജെപി എംപി എസ് മുനിസ്വാമിയാണ് ബുധനാഴ്ച വനിതാ ദിന പരിപാടിക്കിടെ യുവതിയെ അപകീർത്തിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായി. വനിതാ ദിനത്തിൽ സ്ത്രീകൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ പരിശോധിക്കുകയായിരുന്നു എംപി.
ഇതിനിടെ ഒരു സ്റ്റാളിൽ സുജാത എന്ന സ്ത്രീയെ കുങ്കുമമണിയാതെ കണ്ടു. ഇതോടെ പേരെന്താണെന്നും എന്തുകൊണ്ടാണ് നെറ്റിയിൽ കുങ്കുമം ഇല്ലാത്തതെന്നും എംപി ചോദിച്ചു. എന്തിനാണ് നിങ്ങളുടെ സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നത്. നിങ്ങളുടെ നെറ്റിയിൽ കുങ്കുമം ചാർത്തണം. നിങ്ങളുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ. കുങ്കുമം ധരിക്കാതിരിക്കാൻ ആരെങ്കിലും നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്യുന്നുണ്ടോയെന്നും നിങ്ങൾ മതപരിവർത്തനം നടത്തുന്നുണ്ടോയെന്നും എംപി ആളുകൾ നോക്കി നിൽക്കെ ചോദിച്ചു. കൂടെയുണ്ടായിരുന്ന എംഎൽഎ തടയാൻ ശ്രമിച്ചെങ്കിലും എംപി അടങ്ങിയില്ല.
"Wear a Bindi first. Your husband is alive, isn't he. You have no common sense" says this #BJP MP #Muniswamy to a woman vendor.#Karnataka #Kolar #WomensDay pic.twitter.com/YSedSDbZZB
— Hate Detector 🔍 (@HateDetectors) March 9, 2023
സംഭവം വിവാദമായതിന് പിന്നാലെ എംപിക്കെതിരെയും ബിജെപിക്കെതിരെയും കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ യഥാർഥ സംസ്കാരമാണ് എംപിയിലൂടെ പുറത്തുവന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയുടെ സ്ത്രീവിരുദ്ധ നയത്തിന്റെ മറ്റൊരു തെളിവാണ് മുനിസ്വാമിയുടെ പെരുമാറ്റമെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യം എടുത്തുകളയാനും അവരുടെ വസ്ത്രധാരണം തീരുമാനിക്കാനും ബിജെപിക്ക് എന്ത് അവകാശമാണുള്ളതെന്ന് കോൺഗ്രസ് ചോദിച്ചു. കോലാറിലെ മുൾബഗിലു ടൗണിലെ മത്യാൽപെട്ടിൽ വനിതാ ദിന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എംപി. കഴിഞ്ഞ ദിവസം ധർവാഡിൽ കോൺഗ്രസ് നേതാവ് വിവാഹ ചടങ്ങിനിടെ നർത്തകിക്ക് മേൽ കറൻസി നോട്ടുകൾ വാരിവിതറിയത് വിവാദമായിരുന്നു. പിന്നാലെയാണ് ബിജെപി എംപിയും വിവാദത്തിൽപ്പെട്ടത്. കർണാടകയിൽ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് സംഭവങ്ങൾ എന്നതും ശ്രദ്ധേയം.