തിരുവനന്തപുരം ∙ വിവാദമായ ‘വൈദേകം’ റിസോര്‍ട്ടില്‍ നിക്ഷേപമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിക്കു നൽകിയ വിശദീകരണത്തിലാണ് ഇ.പി ഇക്കാര്യം വ്യക്തമാക്കിയത്. റിസോർട്ടിൽ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ലെന്നും ഇ.പി വ്യക്തമാക്കി.
ഭാര്യയുടെയും മകന്റെയും വരുമാന സ്രോതസ് ഇ.പി. ജയരാജന്‍ പാര്‍ട്ടിക്ക് മുന്നില്‍വച്ചു. ഇരുവര്‍ക്കും ഔദ്യോഗിക സ്ഥാനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് നേരത്തെ വ്യക്തമാക്കാതിരുന്നത്. ഇതോടെ ഇക്കാര്യങ്ങള്‍ സംസ്ഥാന സമിതിയില്‍ ഇ.പി. വിശദീകരിക്കട്ടെയെന്നും ധാരണയായി. തല്‍ക്കാലം വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുതുവത്സരാശംസകൾ നേര്‍ന്നാണ് ഇ.പി. പ്രതികരിച്ചത്.
വൈദേകം റിസോര്‍ട്ട് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയാണെന്ന് രേഖകൾ പറയുന്നു. പി.കെ.ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരിയാണുള്ളത്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍പഴ്സനും ഇന്ദിര തന്നെയാണ്. ഇത് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ സിഇഒ തയാറായിരുന്നില്ല. 2021 ഡിസംബര്‍ 17ന് ഇന്ദിര ചെയര്‍പഴ്സനായി. ഇതിനു മുന്‍പ് മകൻ ജെയ്സനായിരുന്നു ചെയര്‍മാന്‍. ജെയ്സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ്.