കോഴിക്കോട് : പലസ്തീൻ ജനതയുടേത് സ്വന്തം നാട്ടിൽ ജീവിക്കാനുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച പലസ്തീൻ പോരാട്ടവും മാധ്യമ വേട്ടയുമെന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധി മുതൽ മൻമോഹൻ സിങ് വരെയുള്ള നേതാക്കൾ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരാണെന്ന് പറഞ്ഞ അദ്ദേഹം ഇസ്രായേൽ യുദ്ധത്തിന് ന്യായീകരണമില്ലെന്ന് പറഞ്ഞ് ശശി തരൂരിന്റെ നിലപാടിനെ തിരുത്തി.
പലസ്തീനെതിരെ നിരന്തരം ഇസ്രായേൽ ആക്രമണം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ ക്ലിന്റൺ അമേരിക്കയുടെ പ്രസിഡണ്ടായപ്പോഴാണ് താത്കാലിക വെടിനിർത്തൽ ഉണ്ടായത്. അത് കേവലം 4 വർഷം മാത്രമേ നീണ്ടുള്ളൂ. യുദ്ധം തുടരാൻ ഒരിക്കലും ഇന്ത്യക്ക് പറയാനാവില്ല. സഹന സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ഇന്ത്യ. എന്നിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നത് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഗാസയിൽ ആശുപത്രികൾക്ക് നേരെ വരെ ഇസ്രായേൽ ആക്രമണം നടത്തുകയാണ്.
ഇസ്രായേൽ ജയിലുകളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരുണ്ട്. ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശത്തിന് മേലാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. സ്വന്തം നാട്ടിലെ ജനതക്കായി പോരാടിയ വ്യക്തിയായിരുന്നു യാസർ അരാഫാത്ത്. രാജ്യമില്ലാത്ത രാജ്യത്തിനായി പോരാടിയ മനുഷ്യൻ കൂടിയായിരുന്നു. ഭിത്തിയിലേക്ക് തള്ളി നീക്കിയാൽ ആരും പ്രതികരിക്കും. അത് മാത്രമാണ് പലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് ഹമാസ് ആക്രമണത്തെ ചെന്നിത്തല ന്യായീകരിച്ചു. ഇസ്രയേലിൽ നടന്നത് പലസ്തീന്റെ സ്വയം പ്രതിരോധമാണ്. ഇന്ത്യ സയണിസ്റ്റുകൾക്കായി നിലപാട് സ്വീകരിക്കുകയാണ്. എന്നാൽ കോൺഗ്രസ് എന്നും പലസ്തീനൊപ്പമാണ് നിന്നിട്ടുള്ളത്. കോൺഗ്രസിന്റെ ചരിത്രം മുതൽ അതാണ് നിലപാടെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.