തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേന്ദ്രപദ്ധതിയുടെ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രംഗത്ത്.ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം.
ബഹുമാനപ്പെട്ട ഏറണാകുളം കളക്ടർ, നമസ്കാരം.
ഈ DDU-GKY എന്നതിന്റെ മുഴുവൻ പേര് ദീനദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന എന്നാണ്. എന്നു പറഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഒരു അഭിമാനപദ്ധതി. അത് താങ്കൾക്ക് അറിയാത്തതാവാനിടയില്ല. പ്രധാനമന്ത്രിയുടെ ഒരു ചിത്രം ഇതിനോടൊപ്പം വെക്കാൻ അങ്ങയെ അനുവദിക്കാത്തത് താങ്കളുടെ രാഷ്ട്രീയമാണോ അതോ പിണറായി വിജയനെ പേടിച്ചിട്ടോ എന്നറിയാൻ കേരളത്തിലെ യുവാക്കൾക്ക് താൽപ്പര്യമുണ്ട്. മുഖ്യമന്ത്രിയുടേയും രണ്ട് സംസ്ഥാനമന്ത്രിമാരുടേയും പടം വെച്ച് ഇതൊരു സംസ്ഥാന പദ്ധതിയായി അവതരിപ്പിക്കാൻ താങ്കൾ കാണിച്ച അമിതാവേശം ഒരു കാരണവശാലും നീതീകരിക്കാനാവുന്നതല്ല. കേന്ദ്രപദ്ധതികൾ സ്വന്തം പേരിലാക്കാൻ സി. പി. എം നടത്തുന്ന തറവേല മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ അതിന് ഒരു ഐ. എ. എസ് ഉദ്യോഗസ്ഥ കൂട്ടുനിൽക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. തികഞ്ഞ അനൗചിത്യമാണ്. ഗുരുതരമായ ചട്ടലംഘനമാണ്. അമാന്യവും അനീതിയുമാണ്. തൽക്കാലം മിതമായ ഭാഷയിൽ പ്രതിഷേധം അറിയിക്കുന്നു.