ബറേലി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മത്സരത്തിന് പുറത്താണെന്നും പ്രധാനമന്ത്രി സ്ഥാനം ഒഴിവുണ്ടാവില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അനുപ്രിയ അഭിപ്രായപ്പെട്ടു. അപ്നാ ദൾ സോനെലാൽ പാർട്ടി നേതാവാണ് അനുപ്രിയ. ബിജെപിക്കൊപ്പം നാല് തെരഞ്ഞെടുപ്പുകളിലായി സഖ്യത്തിലാണ് അപ്നാ ദൾ സോനെലാൽ. മികച്ച വിജയവും കരസ്ഥമാക്കിയിരുന്നു. “2024 തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു, പ്രതിപക്ഷം മത്സരത്തിന് പുറത്താണ്, ഞങ്ങൾ വീണ്ടും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല. ഈ സ്ഥാനം നരേന്ദ്ര മോദിക്കുള്ളതാണ്,” അനുപ്രിയ അവകാശപ്പെട്ടു.
കോടതികൾക്ക് ജോലിഭാരവും ജഡ്ജിമാരുടെ കുറവും ഉള്ളതിനാൽ പിന്നാക്ക സമുദായത്തിന് നീതി ഉറപ്പാക്കാൻ പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് അനുപ്രിയ ആവശ്യപ്പെട്ടു. ജുഡീഷ്യൽ സേവനങ്ങൾക്കായി പ്രത്യേക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലയിലും കയറ്റുമതി പ്രോത്സാഹന സമിതികൾ രൂപീകരിച്ച് വരികയാണ്. അതിനാൽ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകൾക്കും ഇപ്പോൾ കയറ്റുമതി കേന്ദ്രങ്ങളാകുമെന്നും ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പദ്ധതിക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ എല്ലാ വിപണികളിലും എത്തിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
അതിനിടെ, ജുഡീഷ്യൽ ആക്ടിവിസത്തെക്കുറിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഇന്ന് രംഗത്തെത്തിയിരുന്നു. ജുഡീഷ്യറി വഴിതെറ്റുമ്പോൾ പരിഷ്കരിക്കാൻ ഒരു മാർഗവുമില്ലെന്നാണ് മന്ത്രി പറഞ്ഞത്. നമുക്ക് നിയമസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് സ്തംഭങ്ങളുണ്ട്. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും അവരുടെ ചുമതലകളിൽ ബാധ്യസ്ഥരാണെന്നും ജുഡീഷ്യറി അവരെ തിരുത്തുമെന്നും താൻ കരുതുന്നു. എന്നാൽ ജുഡീഷ്യറി വഴിതെറ്റുമ്പോൾ അവയെ പരിഷ്കരിക്കാൻ ഒരു മാർഗവുമില്ല. ജഡ്ജിമാർക്ക് പറയാനുള്ളതെല്ലാം അവർ പറയും. അഭിപ്രായങ്ങളിലൂടെയല്ല, ഉത്തരവുകളിലൂടെയാണ് പറയുക. ജഡ്ജിമാർ അവരുടെ ജോലി ചെയ്യുന്നു, വിധിക്കുന്നു. എന്നാൽ അതനുസരിച്ച് ജോലികൾ പൂർത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്കറിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചോ അവർ ചിന്തിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.