കാസർകോട് : കിഴക്കമ്പലത്ത് പോലീസിനു നേരെ തൊഴിലാളികൾ നടത്തിയ അക്രമത്തിൽ രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് പോലീസും തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ച് ലേബർ കമ്മിഷണറും അന്വേഷിക്കും. ക്യാംപുകളിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. മാധ്യമങ്ങളിലൂടെ കിറ്റെക്സ് മേധാവി സാബു എം.ജേക്കബ് നടത്തിയ പ്രതികരണം സർക്കാർ വിരോധത്തിന്റെ ഭാഗമാണ്. തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്ന് കിറ്റെക്സ് എംഡി പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. 156 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പോലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്.